കൊച്ചി: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കെ-ഫോണിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഏഴ് ജില്ലകളിലായി ആയിരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലാണ് കണക്ടിവിറ്റി പൂര്‍ത്തിയായതെന്ന് ഐ.ടി സെക്രട്ടറി മുഹമ്മദ് വൈ. സഫീറുല്ല കെ. ഫോണ്‍ വിശദീകരണ യോഗത്തില്‍ അറിയിച്ചു.
തിരുവനന്തപുരം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലാണ് കണക്ടിവിറ്റി ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുന്നത്. സംസ്ഥാനത്തെ 5700ഓളം സര്‍ക്കാര്‍ ഓഫിസുകളില്‍ കണക്റ്റിവിറ്റി ഉടന്‍ പൂര്‍ത്തീകരിക്കും. 20 ലക്ഷത്തോളം വരുന്ന സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ പദ്ധതി സഹായകമാകും.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയില്‍ ടെല്‍, എല്‍.എസ് കേബിള്‍, എസ്.ആര് ഐ.ടി എന്നീ കമ്പനികള്‍ ഉള്‍പ്പെടെ കണ്‍സോര്‍ഷ്യം ആണ് പദ്ധതി നടപ്പാക്കുന്നത്. കെ- ഫോണ്‍ നെറ്റ് വര്‍ക്ക് 14 ജില്ലകളിലും കോര്‍ റിങ് വഴിയാണ് ബന്ധിപ്പിക്കുന്നത്. ഓരോ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫിസുകളെയും മറ്റു ഗുണഭോക്താക്കളെയും ബന്ധിപ്പിക്കുന്നത് ആക്സസ് നെറ്റ്വര്‍ക്ക് വഴിയാണ്.