കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്യാൻ ട്രാവൽ ഏജൻസിയിലേക്ക് ഫോൺ ചെയ്തത് കണ്ണൂർ ഡിസിസി ഓഫീസിൽ നിന്നാണെന്ന് പി പി ദിവ്യ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചു.
വിമാനത്തിൽ മുഖ്യമന്ത്രിയെ അക്രമിക്കാന്‍ പോയ യൂത്ത് കോണ്‍ഗ്രസ് ക്രിമിനലുകള്‍ക്ക് വേണ്ടി ടിക്കറ്റ് ബുക്ക് ചെയ്ത് കൊടുക്കാന്‍ ട്രാവല്‍ ഏജന്‍സിയിലേക്ക് വിളിച്ചത് കണ്ണൂര്‍ DCCയില്‍ നിന്ന്. ട്രാവല്‍ ഏജന്‍സിക്ക് ഇനിയും പണം നല്‍കിയിട്ടില്ല” – എന്നായിരുന്നു ദിവ്യയുടെ പോസ്റ്റ്. കാശ് അണ്ണൻ തരുമെന്ന ട്രോൾ ചിത്രത്തിനൊപ്പമായിരുന്നു ദിവ്യയുടെ പോസ്റ്റ്.
യൂത്ത് കോൺഗ്രസ് നേതാക്കളായ യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് ഫർസീൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ എന്നിവരാണ് കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചത്. തിരുവനന്തപുരത്ത് വിമാനം ലാൻഡ് ചെയ്ത ശേഷം മുദ്രാവാക്യം വിളികളുമായി മുഖ്യമന്ത്രിക്ക് സമീപത്തേക്ക് എത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ തടയുകയും തള്ളിമാറ്റുകയുമായിരുന്നു.
വിമാനത്തിൽ നടന്ന സംഭവത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയെ അപായപ്പെടുത്താൻ ശ്രിമിച്ചുവെന്ന കുറ്റം ചുമത്തി വധശ്രമത്തിനാണ് പ്രതികൾക്കെതിരെ കേസെടുത്തത്. അറസ്റ്റിലായ രണ്ട് പ്രതികൾക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഫർസീൻ മജീദ്, ആർ കെ നവീൻ കുമാർ എന്നിവർക്ക് ജാമ്യവും സുജിത് നാരായണന് മുൻകൂർ ജാമ്യവുമാണ് അനുവദിച്ചത്. അന്വേഷണവുമായി സഹകരിക്കണം, പാസ്പോർട്ട് ഹാജരാക്കണം, കുറ്റപത്രം സമർപ്പിക്കുന്നതുവരെ തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത്, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
പ്രതികൾ ആയുധം കൈവശം വെച്ചിരുന്നില്ല, വിമാനം ലാൻഡ് ചെയ്ത ശേഷമാണ് പ്രതിഷേധിച്ചതെന്നും ജാമ്യം നൽകിക്കൊണ്ട് കോടതി പറഞ്ഞു. വിമാനത്താവള മാനേജർ നൽകിയ ആദ്യ റിപ്പോർട്ടിൽ വാക്കുതർക്കം എന്ന് മാത്രമാണുള്ളതെന്നും പിന്നീട് നൽകിയ റിപ്പോർട്ടിൽ മുദ്രാവാക്യം വിളിച്ച കാര്യം മാത്രമേ പറയുന്നുള്ളൂ എന്നും കോടതി നിരീക്ഷിച്ചു.
www.mediawings.in