സോള്‍ : ഹാലോവീന്‍ ആഘോഷത്തിനിടെ തിരക്കില്‍ പെട്ട് മരിച്ചവരുടെ എണ്ണം 146 ആയി. 150 ഓളം പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ദക്ഷിണ കൊറിയയിലെ സോളില്‍ നടന്ന ഹാലോവീന്‍ ആഘോഷമാണ് ദുരന്തത്തില്‍ കലാശിച്ചത്.
ഇറ്റാവോണ്‍ ജില്ലയിലെ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റവരെ സോളിലുടനീളമുള്ള ആശുപത്രികളിലേക്ക് അടിയന്തിരമായി മാറ്റിക്കൊണ്ടിരിക്കുകയാണ്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് സോളിലെ യോങ്സാന്‍ അഗ്നിശമന വിഭാഗം മേധാവി ചോയ് സിയോങ്-ബിയോം പറഞ്ഞു. നിരവധി പേരുടെ മൃതദേഹങ്ങള്‍ ഇപ്പോഴും തെരുവില്‍ തന്നെയാണ്.
സോളിലെ പ്രധാന പാര്‍ട്ടി സ്ഥലമായ ഹാമില്ട്ടണ് ഹോട്ടലിന് സമീപമുള്ള ഇടുങ്ങിയ ഇടവഴിയില്‍ ഒരു വലിയ ജനക്കൂട്ടം തിരക്കിക്കൊണ്ട് മുന്നോട്ട് നീങ്ങാന്‍ തുടങ്ങിയതാണ് വന്‍ ദുരന്തമുണ്ടാകാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്. തിരക്കില്‍ പെട്ട് ജനങ്ങള്‍ക്ക് പെട്ടെന്ന് ഹൃദയസ്തംഭനവും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തുടനീളമുള്ള 400-ലധികം എമര്‍ജന്‍സി വര്‍ക്കര്‍മാരെയും 140 വാഹനങ്ങളെയും തെരുവുകളില്‍ വിന്യസിച്ചുകഴിഞ്ഞു. മരിച്ചവരുടെയും ചികിത്സയില്‍ കഴിയുന്നവരുടെയും എണ്ണം എടുക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് പെട്ടെന്ന് തന്നെ വീടുകളിലേക്ക് മടങ്ങാന്‍ ഭരണകൂടം അഭ്യര്‍ത്ഥിച്ചു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും പുറത്തുവിടാനായിട്ടില്ല.
കൊറോണ മഹാമാരിയുടെ ഭീതി ഒഴിഞ്ഞതിന് ശേഷമുളള ആദ്യ ഹാലോവീന്‍ ആഘോഷമായിരുന്നു ഇത്. നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതിനെത്തുടര്‍ന്ന് നടന്ന ഏറ്റവും വലിയ ആഘോഷങ്ങള്‍ക്കായി ഏകദേശം 100,000 ആളുകള്‍ ഇറ്റവോണ്‍ തെരുവുകളിലേക്ക് ഒഴുകിയെത്തിയതായി പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.