തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ സ്ഥിര ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി 1.5 കോടി തട്ടിയെടുത്തെന്ന് അറസ്റ്റിലായ മുഖ്യപ്രതി ദിവ്യ ജ്യോതി (ദിവ്യ നായര്‍) പൊലീസിനോട് സമ്മതിച്ചതോടെ ചുരുളഴിഞ്ഞത് ഒരു സര്‍ക്കാര്‍ സ്ഥാപനത്തെ തന്നെ വേദിയാക്കി നടന്ന അപൂര്‍വ സംഭവം.നിരവധി പേര്‍ ഇവരുടെ വലയില്‍ വീണെന്നാണ് അറിവ്. വരുംദിവസങ്ങളില്‍ കൂടുതല്‍പേര്‍ പരാതിയുമായി എത്തുമെന്ന് പൊലീസ് കരുതുന്നു.
ആരും വിശ്വസിച്ചു പോകുന്ന തരത്തിലായിരുന്നു സംഘത്തിന്റെ തട്ടിപ്പ് രീതികളെന്ന് പൊലീസ് പറയുന്നു. ടെറ്റാനിയത്തിലെ ജനറല്‍ മാനേജര്‍ (ലീഗല്‍) ശശികുമാരന്‍ തമ്ബി തന്റെ കാബിനില്‍ നടത്തുന്ന ഇന്റര്‍വ്യുവാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പണം നല്‍കാന്‍ പ്രേരകമായത്. തുകയുടെ പകുതി ആദ്യവും ബാക്കി ഇന്റര്‍വ്യൂവിന് ശേഷവും എന്നതായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വ്യവസ്ഥ.
ദിവ്യ ജ്യോതി വിവിധ ഫേസ് ബുക്ക് ഗ്രൂപ്പുകളില്‍ ടൈറ്റാനിയത്തില്‍ ഒഴിവുകള്‍ ഉണ്ടെന്ന് ഫോണ്‍ നമ്ബര്‍ സഹിതം പോസ്റ്റിടുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. ആകൃഷ്ടരായി വിളിക്കുന്നവരുമായി ഇടപാട് ഉറപ്പിക്കും. പകുതി പണം ദിവ്യയുടെ ബാങ്ക് അക്കൗണ്ടില്‍ എത്തുന്നതോടെ ഭര്‍ത്താവ് രാജേഷ്, ശശികുമാരന്‍ തമ്ബി, ഇദ്ദേഹത്തിന്റെ സഹപാഠി ശ്യാംലാല്‍, ഇയാളുടെ സുഹൃത്ത് പ്രേംകുമാര്‍ എന്നിവര്‍ രംഗത്തെത്തു ഇന്റര്‍വ്യൂവിനായി കൊണ്ടുപോകുന്നത് ശ്യാംലാലിന്റെ നേതൃത്വത്തിലാണ്. കാറില്‍ കയറിയാല്‍ ഉടന്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഒഫ് ചെയ്യാന്‍ ആവശ്യപ്പെടും. ഇന്റര്‍വ്യൂവില്‍ ജോലിയെ കുറിച്ചും പ്രൊമോഷന്‍ സാദ്ധ്യതകളെ കുറിച്ചും ശശികുമാരന്‍ തമ്ബി വിശദീകരിച്ച് വിശ്വാസം ഉറപ്പിക്കും. 15 ദിവസത്തിനുള്ളില്‍ നിയമന ഉത്തരവ് ലഭിക്കുമെന്ന് വാഗ്ദാനവും നല്‍കും. പിന്നാലെ ശേഷിക്കുന്ന തുകയും ഉദ്യോഗാര്‍ത്ഥികള്‍ നിന്ന് ഇടാക്കുന്നതാണ് സംഘത്തിന്റെ തട്ടിപ്പ് രീതിയെന്ന് പൊലീസ് പറഞ്ഞു.