ന്യൂഡല്‍ഹി: 10, 12 ക്ലാസുകളിലെ ബോര്‍ഡ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജനുവരി രണ്ടിന് ആരംഭിക്കുമെന്ന അറിയിപ്പുമായി സിബിഎസ്‌ഇ.
പരീക്ഷകള്‍ ഫെബ്രുവരി 14ന് അവസാനിക്കും. പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രോജക്ടുകള്‍, ഇന്‍റേണല്‍ മൂല്യനിര്‍ണയം എന്നിവയുടെ മാര്‍ക്ക് അല്ലെങ്കില്‍ ഇന്‍റേണല്‍ ഗ്രേഡുകള്‍ ജനുവരി 2 മുതല്‍ അപ്ലോഡ് ചെയ്ത് ഫെബ്രുവരി 14 നകം പൂര്‍ത്തിയാക്കണം. ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്കൂളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് നിര്‍ദിഷ്ട പ്ലാന്‍ തയ്യാറാക്കണമെന്ന് നിര്‍ദ്ദേശം നല്‍കി.
ഇത് സമയബന്ധിതമായി വിദ്യാര്‍ത്ഥികളെ അറിയിക്കണം. ഏതെങ്കിലും കാരണത്താല്‍ വിദ്യാര്‍ത്ഥി പരീക്ഷാ ദിവസം ഹാജരായില്ലെങ്കില്‍, പരീക്ഷ മറ്റൊരു തീയതിയില്‍ നടത്തും. ബോര്‍ഡ് നിയമിക്കുന്ന ഉദ്യോഗസ്ഥനാണ് പരീക്ഷകളുടെ മേല്‍നോട്ടം വഹിക്കുന്നത്. പത്താം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ ലഭ്യമാക്കാനും സ്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് അനുസരിച്ചുള്ള വിശദാംശങ്ങള്‍ സ്കൂള്‍ അധികൃതര്‍ പരിശോധിക്കണം. സംശയങ്ങള്‍ക്ക് റീജിയണല്‍ ഓഫീസുമായി ബന്ധപ്പെടുകയും ചെയ്യാം.