ഒമാനില്‍ അതിശൈത്യം: മാവുകള്‍ക്ക് അനുഗ്രഹം

സ്കത്ത്: ഒമാനില്‍ കഴിഞ്ഞ കുറെ ദിവസങ്ങളായി അനുഭവപ്പെടുന്ന അതിശൈത്യം മാവുകള്‍ക്ക് അനുഗ്രഹമാവുന്നു. തണുപ്പ് കനത്തതോടെ സുല്‍ത്താനേറ്റിലെ പല ഭാഗങ്ങളിലും മാവുകള്‍ പൂത്തുലയാന്‍ തുടങ്ങി.

കാലാവസ്ഥ അനുകൂലമായതിനാല്‍ ഈ വര്‍ഷം മാങ്ങ ഉല്‍പാദനം കൂടുമെന്നാണ് കര്‍ഷകര്‍ വിലയിരുത്തുന്നത്. ഒമാനിലെ മാങ്ങകള്‍ പൊതുവെ പുളിക്കുന്നതാണെങ്കിലും ഖുറിയാത്ത് അടക്കമുള്ള പ്രദേശങ്ങളില്‍ മധുരമൂറുന്നവയുമുണ്ട്. മസ്കത്ത് ഗവര്‍ണറേറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ വീടുകളിലും മറ്റും മാവുകള്‍ തഴച്ചുവളരുന്നത് കാണാം.

ഒമാനില്‍ പരമ്ബരാഗതമായിതന്നെ മാവും മാങ്ങയും കണ്ടുവരുന്നുണ്ട്. 1990ല്‍തന്നെ മാവുകള്‍ വ്യാപകമാക്കുന്നതിന് കാര്‍ഷിക മന്ത്രാലയം ശ്രമങ്ങള്‍ നടത്തുകയും ഇതുസംബന്ധമായി ഗവേഷണം നടത്തുകയും ചെയ്തിരുന്നു. ഉന്നത ഗുണനിലവാരമുള്ള 25 ഇനം മാവുകള്‍ ഒമാന്‍റെ മണ്ണിന് അനുയോജ്യമാണെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു.മസ്കത്ത് ഗവര്‍ണറേറ്റിലെ ഖുറിയാത്തിലെ ഹൈല്‍ അല്‍ ഗാഫ് ഗ്രാമം മാവുകൃഷിക്ക് ഏറെ പ്രശസ്തമാണ്.

ഗ്രാമത്തിലെ പ്രധാന നാണ്യവിളയാണ് മാവ്. ഗുണമേന്മയുള്ളതും മധുരമുള്ളതുമായ മാങ്ങകള്‍ സുലഭമാണ്. ഇവിടെയുള്ള ഗുണമേന്മയുള്ള പ്രധാന മാങ്ങയാണ് ലുംബ ഹംബ. ഇത് മറ്റു പേരുകളിലും അറിയപ്പെടുന്നുണ്ട്. ലുംബ ഹംബ മാങ്ങകള്‍ക്ക് ഒമാനി പ്രാദേശിക മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡാണ്. ഗുണ മേന്മകൂടിയതിനാല്‍ വലിയതോതില്‍ ഈ ഇനം മാങ്ങ ജനങ്ങള്‍ ഉപയോഗിക്കുന്നു. ഹൈല്‍ അല്‍ ഗാഫില്‍ എത്തുന്നവരെ പടര്‍ന്നുപന്തലിച്ച്‌ കിടക്കുന്ന വന്‍ മാവുകളാണ് എതിരേല്‍ക്കുക. പീച്ചസ്, സര്‍സിബാരി, അല്‍ ബാബ്, അല്‍ ഹുകും, അല്‍ ഹാറ, അല്‍ വഗ്ല, കാംഫോര്‍, പെപ്പര്‍, ഹോഴ്സസ്, ഹിലാല്‍ എന്നിവയാണ് ഒമാനില്‍ കണ്ടുവരുന്ന പ്രധാന ഇനം മാവുകള്‍.മാങ്ങ, പഴം എന്ന നിലയില്‍ ഉപയോഗിക്കുന്നതോടൊപ്പം അച്ചാര്‍ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. പച്ചമാങ്ങ ഉപ്പും മുളകും ചേര്‍ത്ത് തിന്നുന്നവരും ഒമാനിലുണ്ട്. കുട്ടികളാണ് കാര്യമായി മാങ്ങ ഈ രീതിയില്‍ കഴിക്കുന്നത്. ഒമാനിലെ ഭൂരിഭാഗം പേര്‍ക്കും മാങ്ങാ അച്ചാറുകള്‍ ഇഷ്ടമാണ്. മൂത്ത് പാകമാവാത്ത മാങ്ങകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

spot_img

Related Articles

Latest news