ഇസ്ലാമാബാദ് : നൊബേല്‍ പുരസ്കാര ജേത്രി മലാല യൂസഫ്സായിക്കെതിരെ താലിബാന്‍ വീണ്ടും വധ ഭീഷണി മുഴക്കിയ സംഭവത്തില്‍ പാക് സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് മലാല ആവശ്യപ്പെട്ടു. തന്നെ കൊല്ലാന്‍ ശ്രമിച്ച പ്രതി പാകിസ്ഥാന്റെ കസ്റ്റഡിയിലിരിക്കെ എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് പ്രധാനമന്ത്രിയും സൈന്യവും മറുപടി പറയണമെന്നും മലാല ആവശ്യപ്പെട്ടു.
2017ല്‍ അറസ്റ്റിലായ എഹ്സാന്‍ 2020 ജനുവരിയില്‍ പാക് ഇന്റലിജന്‍സി ഏജന്‍സിയുടെ കസ്റ്റഡിയിലിരിക്കെയാണ് രക്ഷപ്പെട്ടത്. സര്‍ക്കാര്‍ അന്വേഷിക്കുന്നുണ്ടെന്നും ട്വിറ്ററിനോട് അക്കൗണ്ട് നിരോധിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നുവെന്നും പ്രധാനമന്ത്രിയുടെ വക്താവ് റാസൂഫ് ഹസന്‍ പറഞ്ഞു.
മലാലയെ ഒമ്പത് വര്‍ഷം മുമ്പ് വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച താലിബാന്‍ ഭീകരന്‍ എഹ്സാനുല്ല എഹ്സാന്‍ തന്നെയാണ് കൊല്ലുമെന്ന് വീണ്ടും ഭീഷണി മുഴക്കിയത്. മലാല വീട്ടിലേക്ക് മടങ്ങി വരുന്നത് കാത്തിരിക്കുകയാണ്. ‘നിന്നോടും അച്ഛനോടും ഒരു കണക്ക് തീര്‍ക്കാനുണ്ട്. അടുത്ത തവണ തെറ്റ് പറ്റില്ല’ എന്ന് ട്വീറ്റ് ചെയ്തായിരുന്നു ഭീഷണി. വധഭീഷണിക്കു പിന്നാലെ എഹ്സാന്റെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടിയതായാണ് റിപ്പോർട്ട്.