റിയാദ്: സ്വദേശി സ്പോണ്‍സര്‍മാരില്ലാതെ വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ തങ്ങാനും തൊഴിലെടുക്കാനും ബിസിനസ് സരംഭങ്ങള്‍ നടത്താനും സ്വാതന്ത്ര്യം നല്‍കുന്ന പ്രീമിയം ഇഖാമ (റെസിഡൻസി പെര്‍മിറ്റ്) ഇനി കൂടുതല്‍ വിഭാഗം വിദേശികള്‍ക്ക്.പാശ്ചാത്യരാജ്യങ്ങളിലെ ഗ്രീൻ കാര്‍ഡ് മാതൃകയിലുള്ള പ്രീമിയം റെസിഡൻസി പെര്‍മിറ്റിന് അഞ്ചുവിഭാഗങ്ങളില്‍ പെടുന്ന വിദേശികള്‍ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് പ്രീമിയം റസിഡൻസി സെൻറര്‍ ചെയര്‍മാനും വാണിജ്യമന്ത്രിയുമായ ഡോ. മാജിദ് ബിൻ അബ്ദുല്ല അല്‍ഖസബി അറിയിച്ചു. ഹെല്‍ത്ത് കെയര്‍, ശാസ്ത്രം എന്നീ രംഗത്തെ വിദഗ്ധരും വിവിധ വിഷയങ്ങളിലെ ഗവേഷകരും, കലാകായിക പ്രതിഭകള്‍, ബിസിനസ് നിക്ഷേപകര്‍, വ്യവസായ സംരംഭകര്‍, റിയല്‍ എസ്റ്റേറ്റ് ഉടമകള്‍ എന്നിങ്ങനെയാണ് ആ അഞ്ച് വിഭാഗം.