മുക്കം: രാഹുൽ ഗാന്ധി എംപിയുടെ അതിവേഗ ഇടപെടൽ കാരണം കർണ്ണാടക മുൻകൈ എടുത്ത് മൂന്ന് സംസ്ഥാനങ്ങളുടെ വനം മന്ത്രിമാരുടെ സംയുക്ത യോഗം വിളിക്കും.അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ അനുവദിച്ചതിന് പുറമെ പ്രശ്നത്തിന് ശാശ്വത പരിഹാരം തേടി കർണാടക സർക്കാർ, കേരളം, കർണാടക തമിഴ്നാട് സംസ്ഥാനങ്ങളുടെ വനം മന്ത്രിമാരുടെ സംയുക്ത യോഗം വിളിച്ചു ചേർക്കുമെന്ന് രാഹുൽഗാന്ധി എം പിക്കയച്ച കത്തിൽ കർണാടക വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ബി.ഖണ്ഡ്രെ അറിയിച്ചു.
‘ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ശ്രീ അജീഷിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട അങ്ങയുടെ നിർദേശം ശ്രീ കെ സി വേണുഗോപാൽ എം പി അറിയിച്ചിരുന്നു. അത് പ്രകാരം കർണ്ണാടക മുഖ്യമന്ത്രി ശ്രി സിദ്ധരാമയ്യയുമായി വിഷയം ചർച്ച ചെയ്യുകയും കർണ്ണാടക സർക്കാർ ഉടനടി അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം നഷ്ടപരിഹാരമായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഹസൻ ജില്ലയിലെ ബേലൂരിൽ നിന്ന് 2023 നവംബറിൽ പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് ബന്ദിപ്പൂർ നാഷണൽ പാർക്കിലേക്ക് മാറ്റിയ മകർ എന്ന ആന കാരണം ആണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. രണ്ട് മാസത്തിന് ശേഷം കേരളത്തിലെ വയനാട്ടിൽ ഈ ആനയെ കാണുകയും ശ്രീ അജീഷിനെ ആക്രമിക്കുകയും ചെയ്തു, ദൗർഭാഗ്യകരമായ ഈ മരണത്തിൽ ഞാൻ ആത്മാർത്ഥമായി അനുശോചനം രേഖപ്പെടുത്തുന്നു.
ഇത്തരത്തിൽ ആവർത്തിക്കപ്പെടുന്ന വന്യ ജീവി ആക്രമണങ്ങളുടെ വെളിച്ചത്തിൽ, മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനും കർണാടക സർക്കാർ, കർണാടക, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളുടെ വനംവകുപ്പ് മന്ത്രിമാരുടെ ഒരു സംയുകത യോഗം വിളിക്കും’
രാഹുൽഗാന്ധി എം പിക്കയച്ച കത്തിൽ കർണാടക വനം, , പരിസ്ഥിതി മന്ത്രി ശ്രീ ഈശ്വർ ബി.ഖണ്ഡ്രെ അറിയിച്ചു.
കഴിഞ്ഞദിവസം രാഹുൽ ഗാന്ധി എംപി അജീഷിന്റെ വീട് സന്ദർശിച്ചിരുന്നു. കുടുംബത്തിൻറെ പ്രധാന ആവശ്യങ്ങളിൽ ഒന്ന് കർണാടകയിലെ ഹസൻ ജില്ലയിൽ നിന്നും പിടികൂടി റേഡിയോ കോളർ പിടിപ്പിച്ച പിടിപ്പിച്ച ആനയാണ് അജീഷിന്റെ മരണത്തിന് ഇടയാക്കിയതെന്നും അതിനാൽ കർണാടക സർക്കാരിൽ നിന്ന് മതിയായ ധനസഹായം അനുവദിക്കാൻ ഇടപെടണമെന്നും ആയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് അജീഷിന്റെ ഭാര്യ രാഹുൽ ഗാന്ധി എം പിക്ക് കത്തും നൽകിയിരുന്നു.