റിയാദ്: തുടർ ചികിത്സയ്ക്കായി നാട്ടിലേക്ക് പോകുന്നതിനിടെ വിമാനത്തിനകത്ത് വെച്ച് മരണപ്പെട്ട കേളി പ്രവർത്തകൻ, തൃശ്ശൂർ പോർക്കളം പള്ളിക്കര വീട്ടിൽ സത്യൻ വേലായുധന്റെ കുടുംബത്തിന് കേളി കുടുംബസഹായ ഫണ്ട് കൈമാറി.
തൃശ്ശൂർ പോർക്കളത്തെ സത്യന്റെ വസതിയിൽ നടന്ന ചടങ്ങിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി കെവി അബ്ദുൽ ഖാദർ കുടുംബത്തിന് ഫണ്ട് കൈമാറി. കേളി രക്ഷാധികാരി സമിതി അംഗവും എൻആർകെ കൺവീനറുമായ സുരേന്ദ്രൻ കൂട്ടായ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടികെ വാസു, ജില്ലാ കമ്മിറ്റി അംഗം എംഎൻ സത്യൻ, ഏരിയ സെക്രട്ടറി കെ കൊച്ചനിയൻ, കേരള പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് ശാലിനി രാമകൃഷ്ണൻ, പ്രവാസി സംഘം ജില്ലാ കമ്മിറ്റി അംഗം സുരേഷ് ചന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നെഞ്ചുവേദനയെ തുടർന്ന് റിയാദിലെ ശുമൈസി ആശുപത്രിയിൽ ചികിത്സ തേടിയ സത്യൻ ആഞ്ജിയോഗ്രാം നടത്തിയ ശേഷം തുടർ ചികിത്സയ്ക്കായി റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്ക് യാത്ര തിരിച്ച സത്യൻ വിമാനത്തിനകത്ത് വെച്ച് മരണപ്പെദുകയായിരുന്നു.
കേളി അംഗങ്ങൾക്കായി ഏർപ്പെടുത്തിയ കുടുംബസഹായ ഫണ്ടും, കേളി പൊതു സമൂഹത്തിനായി രൂപീകരിച്ച കുടുംബ സുരക്ഷാ ഫണ്ടുമാണ് ചടങ്ങിൽ കൈമാറിയത്.
കേളി മുസാമിയ ഏരിയ കമ്മിറ്റി അംഗം നടരാജൻ സ്വാഗതവും സിപിഐഎം ലോക്കൽ സെക്രട്ടറി കെഎം നാരായണൻ നന്ദിയും പറഞ്ഞു.

