മുക്കം: സംസ്ഥാന കൃഷിവകുപ്പ് മന്ത്രി ടി. സിദ്ധീഖ് സാഹിത്യകാരനും ചിന്തകനുമായ എം. എൻ.കാരശ്ശേരിയുടെ വസതി സന്ദർശിച്ച് കൃഷി, സാഹിത്യം, രാഷ്ട്രീയം തുടങ്ങി വിവിധ വിഷയങ്ങളിൽ സൗഹൃദ സംഭാഷണം നടത്തി. സംഭാഷണത്തിനിടെ രാജ്യത്തിന്റെ കാർഷിക വികസന ചരിത്രം പരാമർശിച്ച എം. എൻ. കാരശ്ശേരി, മഹാത്മാ ഗാന്ധിയും ജവാഹർലാൽ നെഹ്റുവും കൃഷിക്ക് ഏറ്റവും വലിയ പ്രാധാന്യം നൽകിയ നേതാക്കളായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ പുരോഗതിക്ക് കാർഷിക മേഖലയാണ് അടിസ്ഥാനമെന്ന തിരിച്ചറിവോടെയാണ് ആദ്യകാല ദേശീയ നേതാക്കൾ പഞ്ചവത്സര പദ്ധതികളിൽ അണക്കെട്ടുകൾ ഉൾപ്പെടെയുള്ള ജലസേചന പദ്ധതികൾക്ക് മുൻഗണന നൽകിയതെന്നും അദ്ദേഹം പറഞ്ഞു. കൃഷിമേഖലയിലെ പുതിയ സാധ്യതകൾ, ഗ്രാമീണ വികസനം, സാഹിത്യ-സാംസ്കാരിക വിഷയങ്ങൾ, സമകാലിക രാഷ്ട്രീയ സാഹചര്യങ്ങൾ എന്നിവയെക്കുറിച്ച് ഇരുവരും ഏറെ നേരം ആശയവിനിമയം നടത്തി.
സന്ദർശനത്തിനിടെ കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ എം.എൻ. കാരശ്ശേരിയുടെ വീടിന്റെ പിൻവശത്ത് മാതൃകാ മിനി അടുക്കളത്തോട്ടം ഒരുക്കാൻ മന്ത്രി താൽപര്യം പ്രകടിപ്പിച്ചു. ഈ നിർദേശം എം.എൻ. കാരശ്ശേരി സന്തോഷപൂർവം സ്വീകരിച്ചു.
തുടർന്ന് മന്ത്രി കാരശ്ശേരി കൃഷി ഓഫീസർ എം. വിധുവിനെ ഫോണിൽ ബന്ധപ്പെട്ട് ആവശ്യമായ നിർദേശങ്ങൾ നൽകുകയും, തുടർന്ന് കൃഷി ഓഫീസറും സംഘവും എം. എൻ. കാരശ്ശേരിയുടെ വസതി സന്ദർശിച്ച് പദ്ധതിയുടെ പ്രാഥമിക നടപടികൾ ആരംഭിക്കുകയും ചെയ്തു.
മന്ത്രിക്കൊപ്പം ഡിസിസി ജനറൽ സെക്രട്ടറി എം.ടി. അഷ്റഫ്, കാരശ്ശേരി മണ്ഡലം സെക്രട്ടറി കെ. സി. അഷ്റഫ്, ജുനൈദ് പാണ്ടികശാല എന്നിവരും പങ്കെടുത്തു.
എം. എൻ. കാരശ്ശേരിയുടെ വസതിയിൽ മാതൃകാ അടുക്കളത്തോട്ടം സ്ഥാപിക്കാനുള്ള കൃഷിവകുപ്പിന്റെ തീരുമാനം ഗാർഹിക കാർഷിക സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ജൈവകൃഷിയോടുള്ള പൊതുസമൂഹത്തിന്റെ താൽപര്യം വർധിപ്പിക്കുന്നതിനുമുള്ള ശ്രദ്ധേയമായ ഇടപെടലായാണ് വിലയിരുത്തപ്പെടുന്നത്.

