പാലക്കാട്: കേരളം പോളിംഗ് ബൂത്തിലെത്താൻ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ പാലക്കാട്ടെ ബിജെപിയെ വെട്ടിലാക്കിക്കൊണ്ട് വോട്ടർമാർക്ക് പണം നല്‍കുന്നുവെന്ന ആരോപണം.
പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാരെ പണം നല്‍കി സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന തരത്തില്‍ ദൃശ്യങ്ങള്‍ അടക്കമാണ് പുറത്തു വന്നിട്ടുള്ളത്. സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമീഷൻ ഇടപെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ആരോപണം അന്വേഷിക്കാനായി ഫ്ലയിങ് സ്‌ക്വാഡും എത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവർത്തകരാണ് പാലക്കാട് ബിജെപി പ്രവർത്തകർ വോട്ടർമാർക്ക് പണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കണ്ണാടി പഞ്ചായത്തില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇത് . സംഭവം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രനും ബിജെപിക്കും അപ്രതീക്ഷിത അടിയായി മാറിയിരിക്കുകയാണ്.
കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം. ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഒരു സ്ത്രീ കണ്ണാടി മേഖലയിലെ വീട്ടില്‍ പോയി വൃദ്ധയ്ക്ക് പണം നല്‍കുന്നതും ശേഷം പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ കാറില്‍ കയറി പോകുന്നതും പുറത്തുവന്ന വീഡിയോയില്‍ ഉണ്ട്. ഈ സമയം കാറില്‍ എൻഡിഎ സ്ഥാനാർത്ഥിയുണ്ടായിരുന്നു. പണം കൊടുക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവർത്തകർ ചിത്രീകരിച്ചിരുന്നു. ഇത് മനസ്സിലാക്കിയ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രൻ ഇവരോട് തട്ടിക്കയറുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് കമ്മീഷനും പാലക്കാട് എസ്പിക്കും കോണ്‍ഗ്രസ് പരാതി നല്‍കി

