റിയാദ്: റിയാദ് കെ.എം.സി.സി (കേരള മുസ്ലിം കൾച്ചറൽ സെന്റർ) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പുതിയ വൈസ് പ്രസിഡന്റായി നാദാപുരം-കുറ്റ്യാടി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ആരിഫ് അഹ്മദ് ഉമ്മത്തൂർ (അൽ മദീന, ബത്ത) തിരഞ്ഞെടുക്കപ്പെട്ടു.
നാദാപുരം-കുറ്റ്യാടി മണ്ഡലം കമ്മിറ്റി മുന്നോട്ടുവെച്ച നാമനിർദേശം കോഴിക്കോട് ജില്ലാ കമ്മിറ്റി ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു. ദീർഘകാലമായി പ്രവാസി സാമൂഹിക രംഗത്തും കമ്മിറ്റി പ്രവർത്തനങ്ങളിലും സജീവമായി പ്രവർത്തിച്ചുവരുന്ന ആരിഫ് അഹ്മദിന്റെ ഈ നിയമനം മണ്ഡലത്തിന് വലിയ അഭിമാനവും അംഗീകാരവുമായി കമ്മിറ്റി വിലയിരുത്തുന്നു.
നാദാപുരം-കുറ്റ്യാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഖാലിദ് വെള്ളിയോട്, സെക്രട്ടറി ശംസീർ നരിപ്പറ്റ, ട്രഷറർ റിയാസ് തൊടന്നൂർ എന്നിവരുൾപ്പെടെയുള്ള ഭാരവാഹികളും അംഗങ്ങളും ആരിഫ് അഹ്മദിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ജില്ലാ കമ്മിറ്റിയിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് മണ്ഡലത്തിന്റെ അഭിമാനം ഉയർത്താൻ അദ്ദേഹത്തിന് സാധിക്കട്ടെയെന്ന് കമ്മിറ്റി ആശംസിച്ചു.

