പേരാമ്പ്രയിൽ കനത്ത മഴയും കാറ്റും: വ്യാപക നാശനഷ്ടം; മരങ്ങൾ കടപുഴകി വീണു

പേരാമ്പ്ര: ഇന്ന് വൈകുന്നേരം മൂന്ന് മണിയോടെ പേരാമ്പ്രയിലും പരിസരപ്രദേശങ്ങളിലും ആഞ്ഞടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പെട്ടെന്നുണ്ടായ കാറ്റിൽ വൻ മരങ്ങളും തെങ്ങുകളും കടപുഴകി വീണത് വലിയ ഭീതി പരത്തി. പാറാട്ടുപാറയിലെ പാറാട്ടുപൊയിൽ അനിതയുടെ വീടിനു മുകളിൽ മരം വീണ് വലിയ രീതിയിലുള്ള കേടുപാടുകൾ സംഭവിച്ചു. കൂടാതെ, ശശികുമാർ പേരാമ്പ്രയുടെ വീട്ടുപറമ്പിലെ തെങ്ങു മുറിഞ്ഞുവീണു വാഴകൾ കാറ്റിൽ നശിക്കുകയും, ഇവിടെ മരം വീണ് ഇലക്ട്രിക് ലൈൻ പൊട്ടിപ്പോസ്റ്റ് തകരുകയും ചെയ്തു. പേരാമ്പ്ര ബൈപ്പാസ് റോഡിൽ മരം കടപുഴയ്ക്ക് വീണതിനെത്തുടർന്ന് വാഹനങ്ങൾക്ക് കേടുപാടും സംഭവിച്ചിട്ടുണ്ട് .

ഗ്രാമീണ മേഖലകളിൽ വൻതോതിൽ കൃഷിനാശമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വ്യാപകമായി തെങ്ങുകളും കുലച്ച വാഴകളും നിലംപൊത്തി. ബൈപാസ് റോഡ് പരിസരത്താണ് കാറ്റ് കൂടുതൽ നാശം വിതച്ചത്. ഇവിടെ പലയിടങ്ങളിലും മരങ്ങൾ വീണതിനെ തുടർന്ന് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. റോഡിലേക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. വൈദ്യുതി പോസ്റ്റുകൾ തകരുകയും കമ്പികൾ പൊട്ടിവീഴുകയും ചെയ്തതോടെ മേഖലയിൽ വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. വരും മണിക്കൂറുകളിലും മഴ തുടരാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

spot_img

Related Articles

Latest news