റിയാദ് : റിയാദ് കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വ ത്തിൽ ജില്ലാ പ്രവർത്തക സമിതി അംഗങ്ങളെയും, മണ്ഡലം ഭാരവാഹികളെയും, പ്രധാന പ്രവർത്തകരെയും, വനിതാ വിങ്ങിനെയും ഉൾപ്പെടുത്തി മിഷൻ മോമെന്റം & പുതിയ തലമുറയിലെ കെഎംസിസി എന്നീ വിഷയങ്ങളിൽ ലീഡേഴ്‌സ് ക്യാമ്പ് സംഘടിപ്പിച്ചു.സംഘടനാ പ്രവർത്തനങ്ങളിൽ നവീനമായ നേതൃത്വ ശൈലിയും, ലക്ഷ്യബോധത്തോടെയുള്ള മുന്നേറ്റവും കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. ഉച്ചക്ക് 1 മണി മുതൽ ആരംഭിച്ച ക്യാമ്പ് രാത്രി വരെ വിവിധ സെഷനുകളോടെയും സംവാദങ്ങളോടെയും മുന്നേറി.
പ്രശസ്ത ട്രെയിനർ താഹിർ എരക്കോടൻ മിഷൻ മോമെന്റം എന്ന വിഷയത്തിൽ ക്ലാസെടുത്തു.
വ്യക്തിജീവിതത്തിലും സംഘടനാ രംഗത്തും ലക്ഷ്യബോധം, കൃത്യമായ പ്ലാനിംഗ്, സമയനിയന്ത്രണം, ടീം വർക്ക്, നേതൃത്വ മികവ് എന്നിവയുടെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. പ്രവർത്തകരുടെ കഴിവുകളെ സംഘടനയുടെ വളർച്ചയ്ക്ക് ഫലപ്രദമായി ഉപയോഗപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Gen KMCC സെഷനിൽ റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറിയും, എൻ എൽ പി ട്രെയിനറുമായ ഷാഫി തുവ്വൂർ ക്ലാസ്സെടുത്തു. പുതിയ തലമുറയെ സംഘടനയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനുള്ള പ്രവർത്തന രീതികൾ, ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുടെ ഫലപ്രദമായ ഉപയോഗം, സാമൂഹിക ഇടപെടലുകളുടെ നവീന മാതൃകകൾ, യുവജന പങ്കാളിത്തം വർധിപ്പിക്കുന്ന പദ്ധതികൾ എന്നിവ ചർച്ചയായി.
ഭാവി നേതൃത്വത്തെ വാർത്തെടുക്കാൻ പരിശീലനവും ഉത്തരവാദിത്വ ബോധവുമാണ് പ്രധാനമെന്ന വിലയിരുത്തലും ഉയർന്നു.പരിപാടിയിൽ ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് സുഹൈൽ അധ്യക്ഷത വഹിച്ചു.
റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചെയർമാൻ യു പി മുസ്തഫ, വൈസ് പ്രസിഡന്റ് നജീബ് നെല്ലാംകണ്ടി, സുരക്ഷാ പദ്ധതി ചെയർമാൻ അബ്ദുറഹ്മാൻ ഫറോക്ക്, സെക്രട്ടറിയേറ്റ് അംഗം ഹനീഫ മൂർഖനാട്, ജില്ലാ ട്രഷറർ റാഷിദ് ദയ, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി കുഞ്ഞോയി കോടമ്പുഴ, വൈസ് പ്രസിഡന്റ് മുഹമ്മദ് എൻ. കെ, സെക്രട്ടറി ഗഫൂർ എസ്റ്റേറ്റ് മുക്ക്, എന്നിവർ വിവിധ സെഷനുകളിൽ സംസാരിച്ചു. സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുന്ന ക്യാമ്പായി ഇത് മാറിയെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
ക്യാമ്പിൽ പങ്കെടുത്ത പ്രവർത്തകർക്ക് വിവിധ ഗ്രൂപ്പ് ആക്ടിവിറ്റികളും ഇന്ററാക്ടീവ് സെഷനുകളും സംഘടിപ്പിച്ചു. ക്യാമ്പ് സംഘടനാ പ്രവർത്തനങ്ങൾക്ക് പുതിയ ഉണർവും ആത്മവിശ്വാസവും നൽകിയതായി പങ്കെടുത്തവർ പറഞ്ഞു.
ബ്രെയിൻ വേവ് എന്ന പേരിൽ കെഎംസിസി Connect ആപ്പിലൂടെ സംഘടിപ്പിക്കുന്ന ക്വിസ്സ് മത്സരത്തിനുള്ള ഒന്നും, മൂന്നും സമ്മാനങ്ങളായ ലാപ്ടോപ്പ്, ടാബ് ഐ ബീ ടെക്ക് മാനേജർ ബഷീർ ചാലിൽ വേദിയിൽ പ്രഖ്യാപിച്ചു.
പ്രവാസം അവസാനിപ്പിച്ചു പോകുന്ന കോഴിക്കോട് ജില്ലാ കലാ സാഹിത്യ വിഭാഗം ചെയർമാനും, റിയാദ് എംബസി സ്കൂൾ അധ്യാപകനുമായ സാലിം ചാലിയത്തി നുള്ള ഉപഹാരം വേദിയിൽ വെച്ച് നൽകി.ജില്ലാ ജനറൽ സെക്രട്ടറി ജാഫർ സാദിഖ് പുത്തൂർമഠം സ്വാഗതവും വൈസ് പ്രസിഡന്റ് റസാഖ് മയങ്ങിൽ നന്ദിയും രേഖപ്പെടുത്തി.
ജില്ലാ വൈസ് പ്രസിഡണ്ട്മാരായ ഫൈസൽ ബുറൂജ്, ഫൈസൽ വടകര സെക്രട്ടറിമാരായ ഫൈസൽ പൂനൂർ, മുജീബ് മൂത്താട്ട്, നാസർ കൊടിയത്തൂർ, സഫറുള്ള കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി.
തുടർന്ന് നിയമസഭ ഇലക്ഷനിൽ യുഡിഫ് ന് കോഴിക്കോട് ജില്ലയിൽ ഉണ്ടായ തകർപ്പൻ വിജയാഘോഷത്തിന്റെ ഭാഗമായി സംഗീത വിരുന്നും, മധുര വിതരണവും നടത്തി..താജുദ്ധീൻ ചേനോളി, ശരീഫ് മുട്ടാഞ്ചേരി, സാജിദ് പി സി എന്നിവർ സംഗീത വിരുന്നിന് നേതൃത്വം നൽകി.
കെഎംസിസി കണക്ട് ആപ്പിലൂടെ നടത്തിയ നിയമസഭാ തിരഞ്ഞെടുപ്പ് പ്രവചന മത്സരത്തിൽ വിജയികളായ സിദ്ധീഖ് എടത്തിൽ, മുഹമ്മദ് പീടികക്കണ്ടി, നൗഫൽ കുറ്റ്യാടി എന്നിവർക്കുള്ള സമ്മാനങ്ങൾ വേദിയിൽ വെച്ച് നൽകി.

