റിയാദ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മിന്നും വിജയത്തിന്റെ ആവേശം സൗദി അറേബ്യയിലെ പ്രവാസി മലയാളി സമൂഹത്തിലും വലിയ ആഘോഷമായി മാറി. സൗദിലെ ഒഷൈറാത്ത് സുദൈർ മേഖലയിലെ ഒഐസിസി, കെഎംസിസി പ്രവർത്തകർ സംയുക്തമായി സംഘടിപ്പിച്ച വിജയാഘോഷ പരിപാടി ആവേശോജ്വലമായി നടന്നു.
കേക്ക് മുറിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും പ്രവർത്തകർ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചു.തെരഞ്ഞെടുപ്പ് ഫലത്തെ ജനാധിപത്യത്തിന്റെയും മതേതര രാഷ്ട്രീയത്തിന്റെയും വിജയമായി വിശേഷിപ്പിച്ച നേതാക്കൾ, കേരള ജനതയുടെ വ്യക്തമായ രാഷ്ട്രീയ നിലപാടാണ് ഇത്തവണത്തെ വിധിയിലൂടെ പ്രകടമായതെന്ന് അഭിപ്രായപ്പെട്ടു.
പരിപാടിയിൽ പങ്കെടുത്ത പ്രവർത്തകർ യുഡിഎഫ് നേതൃത്വത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു.സംസ്ഥാനത്തിന്റെ ഭാവി വികസനത്തിനും ജനക്ഷേമ പ്രവർത്തനങ്ങൾക്കും പുതിയ ദിശാബോധം നൽകുന്ന ജനവിധിയാണ് ഉണ്ടായിരിക്കുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.
യോഗത്തിൽ അബ്ദുൾസലാം പുൽപ്പള്ളി, ജഹാംഗീർ ആലംകോട്, സിദ്ദിക്ക് താനൂർ, അബ്ദുൽ സലാം ഫറോക്ക്, മസൂദ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി. വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവർത്തകരും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
പ്രവാസി സമൂഹത്തിനിടയിലും യുഡിഎഫിന്റെ വിജയത്തിൽ വലിയ ആവേശമാണുള്ളതെന്നും, കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ പ്രതീക്ഷയോടെ കാണുന്ന ജനങ്ങളുടെ മനോഭാവമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും നേതാക്കൾ പറഞ്ഞു.

