ഷാർജ: ഷാർജയില്‍ ഫ്ളാറ്റില്‍ നിന്ന് പാകിസ്ഥാൻ സ്വദേശിയായ രണ്ടുവയസുകാരൻ വീണ് മരിച്ച കേസില്‍ പ്രതികളായ കണ്ണൂർ, തമിഴ്നാട് സ്വദേശികളായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ജാമ്യം. രണ്ട് ലക്ഷം ദിർഹം ( 45 ലക്ഷത്തോളം രൂപ) ജാമ്യത്തുകയിലാണ് ഇവരെ വിട്ടയച്ചത്.
പ്രായപൂർത്തിയാകാത്ത കുട്ടികള്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ യുഎഇ നിയമപ്രകാരം മാതാപിതാക്കള്‍ ഉത്തരവാദികളായതിനാലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കേസില്‍ അന്വേഷണം തുടരുന്നതിനാല്‍ പെണ്‍കുട്ടികള്‍ നിലവില്‍ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഡിപാർട്ട്മെന്റിന്റെ സംരക്ഷണയിലാണ്.
കഴിഞ്ഞ ദിവസമാണ് ഷാർജ അല്‍ നഹദയില്‍ പാകിസ്ഥാൻ സ്വദേശി മുഹമ്മദ് അർഷ്മാൻ എന്ന രണ്ടു വയസുകാരൻ മൂന്നാം നിലയില്‍ നിന്നും വീണ് മരിച്ചത്. തൊട്ടടുത്ത അപ്പാട്ട്മെന്റിലെ പെണ്‍കുട്ടികള്‍ക്കൊപ്പം കളിക്കുന്നതിനിടെ ജനലിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു എന്നായിരുന്നു പ്രാഥമിക നിഗമനം.
എന്നാല്‍ കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അപകടമരണമല്ല എന്ന് മനസിലായത്. ഒമ്പത് വയസ്സുള്ള പെണ്‍കുട്ടികള്‍ രണ്ട് വയസുകാരനെ വിളിച്ചു വരുത്തുന്നതും കുട്ടി താഴേക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. കുട്ടിയെ ജനലിലൂടെ താഴേക്ക് ഇട്ടതാണെന്ന് സംശയിക്കുന്നതായി മരിച്ച കുട്ടിയുടെ പിതാവ് സജ്ജാദ് ഹുസൈൻ ആരോപിച്ചതോടെയാണ് സത്യാവസ്ഥ അറിയാൻ പെണ്‍കുട്ടികളേയും അവരുടെ രക്ഷിതാക്കളേയും കസ്റ്റഡിയിലെടുത്തത്.
വർഷങ്ങളായി യുഎഇയില്‍ ജോലി ചെയ്യുന്ന സജ്ജാദിനും ഭാര്യയ്ക്കും അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവില്‍ ജനിച്ച മകനാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ പ്രാദേശിക നിയമപ്രകാരമുള്ള വിശദമായ അന്വേഷണവും കോടതി നടപടികളും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.

