ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെയുള്ള സമരം ശക്തമായതോടെ രാജ്യതലസ്ഥാനത്ത് വൻ പ്രതിഷേധവും സംഘർഷവും.ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോണ്‍ഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗേ, എംപിമാരായ ഷാഫി പറമ്പില്‍, കെസി വേണുഗോപാല്‍ എന്നിവരെയടക്കം സമര വേദിയില്‍ നിന്നും പൊലീസ് അറസ്റ്റുചെയ്ത് നീക്കി.
പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന ലോക് കല്യാണ്‍ മാർഗിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ സംഘർഷാവസ്ഥ. കേരളത്തില്‍നിന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ, കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. രാഹുല്‍ ഗാന്ധിയാണ് പ്രതിഷേധ മാർച്ചിന് നേതൃത്വം നല്‍കുന്നത്.
പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവർത്തകരെയും മുതിർന്ന നേതാക്കളെയും പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. ഡീൻ കുര്യാക്കോസ് എം.പി, സി.പി. വിഷ്ണുനാഥ് എം.എല്‍.എ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡീൻ കുര്യാക്കോസിനെ പൊലീസ് കൈയേറ്റം ചെയ്യുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചർച്ച നടത്തി അനുനയത്തിന് ശ്രമിച്ചു. സർക്കാരുമായി കൃത്യമായ ചർച്ച ഉണ്ടാകുന്നത് വരെ പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.

