റിയാദ്: ഉത്സവ-അവധി സീസണുകളിൽ വിമാനക്കമ്പനികൾ ഈടാക്കുന്ന അമിത ടിക്കറ്റ് നിരക്ക് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ പുതിയ ചട്ടങ്ങൾ രൂപീകരിക്കുന്നതും, അതിന്റെ കരട് സുപ്രീം കോടതി പരിശോധിക്കാൻ തീരുമാനിച്ചതും സ്വാഗതാർഹമാണെന്ന് തിരുവനന്തപുരം സൗദി പാസഞ്ചേഴ്സ് ഫോറം, സൗദി അറേബ്യ പ്രസ്താവനയിൽ അറിയിച്ചു.
ഗൾഫ് ഉൾപ്പെടെയുള്ള ലക്ഷക്കണക്കിന് പ്രവാസികൾ വർഷങ്ങളായി നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്നാണ് സീസൺ സമയങ്ങളിലെ അമിത വിമാനനിരക്ക്. സുപ്രീം കോടതിയുടെ ഈ ഇടപെടൽ പ്രവാസികൾക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്നും, വിമാനനിരക്കിൽ സുതാര്യത ഉറപ്പാക്കുകയും സാധാരണ യാത്രക്കാർക്ക് ന്യായമായ നിരക്കിൽ യാത്ര ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുന്ന ശക്തമായ ചട്ടങ്ങൾ കേന്ദ്ര സർക്കാർ എത്രയും വേഗം നടപ്പാക്കണമെന്നും ഫോറം ആവശ്യപ്പെട്ടു.
പ്രസ്താവനയിൽ ഫോറം ചെയർമാൻ ഡോ. അബ്ദുൽ അസീസ് സുബൈർകുഞ്ഞ്, ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര, ട്രഷറർ ബഷീർ കോട്ടയം, മീഡിയ കോർഡിനേറ്റർ ഷംനാദ് കരുനാഗപ്പള്ളി എന്നിവർ അറിയിച്ചു.

