ഹഫർ അൽ ബാത്തിൻ: തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ പ്രഭാകർ (49) സൗദി അറേബ്യയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയുള്ള അൽ സൈറ പ്രദേശത്ത് നിർത്തിയിട്ടിരുന്ന ട്രക്കിനുള്ളിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടുവർഷമായി സൗദി അറേബ്യയിലെ ഒരു ട്രാൻസ്പോർട്ടിങ് കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു പ്രഭാകർ. ദമാമിൽ നിന്ന് ഹഫർ അൽ ബാത്തിനിലേക്ക് ചരക്കുമായി പുറപ്പെട്ട ഒമ്പത് ട്രക്കുകളുടെ സംഘത്തിലായിരുന്നു അദ്ദേഹം ഓടിച്ചിരുന്ന ട്രക്കും.
നിശ്ചിത സമയത്തിനുള്ളിൽ മറ്റ് വാഹനങ്ങൾ ഹഫർ അൽ ബാത്തിനിൽ എത്തിയിട്ടും പ്രഭാകറിന്റെ ട്രക്ക് എത്താതിരുന്നതോടെയാണ് സഹപ്രവർത്തകർക്ക് സംശയം തോന്നിയത്. ഫോണിൽ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് ഹഫർ അൽ ബാത്തിനിൽ നിന്ന് ഏകദേശം 180 കിലോമീറ്റർ അകലെയുള്ള അൽ സൈറയിൽ നിർത്തിയിട്ടിരുന്ന ട്രക്ക് കണ്ടെത്തിയത്.
ട്രക്ക് പരിശോധിച്ചപ്പോഴാണ് വാഹനത്തിനുള്ളിൽ പ്രഭാകറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് വിവരം അൽ സൈറ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പോലീസ്, ഫോറൻസിക് വിഭാഗം എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് നടത്തിയ മെഡിക്കൽ പരിശോധനയുടെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഹൃദയാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ആഴ്ചയാണ് മരണം സംഭവിച്ചതെന്നാണ് ലഭ്യമായ വിവരം.
മരണവിവരം അൽ സൈറ പോലീസ് സ്റ്റേഷനിൽ നിന്ന് ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി. പ്രസിഡന്റ് വിബിൻ മറ്റത്തിനെ അറിയിച്ചതിനെ തുടർന്ന്, ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾക്ക് നേതൃത്വം നൽകി.
മരണവുമായി ബന്ധപ്പെട്ട പോലീസ്, ഫോറൻസിക്, മെഡിക്കൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എംബാമിംഗ് നടത്തി നാട്ടിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള എംബാമിംഗ്, ട്രാൻസ്പോർട്ടേഷൻ ഉൾപ്പെടെയുള്ള ചെലവുകൾ പ്രഭാകർ ജോലി ചെയ്തിരുന്ന കമ്പനി വഹിച്ചു.തുടർന്ന് മൃതദേഹം വിമാനമാർഗം ഇന്ത്യയിലെത്തിക്കുകയും ചെന്നൈ വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റുവാങ്ങുകയും ചെയ്തു.
പ്രഭാകറിന്റെ പിതാവ് പളനിവേൽ, മാതാവ് വേലായു. ഭാര്യ യോഗലക്ഷ്മി. മക്കൾ മണികണ്ഠൻ, മനോജ് കുമാർ.

