അട്ടപ്പാടി മധു കേസ്: ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍.

പാലക്കാട്: അട്ടപ്പാടി മധു കേസില്‍ ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ടതിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു.ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ സമർപ്പിച്ച സർക്കാർ, കേസിലെ നിർണായക തെളിവുകളും സാക്ഷിമൊഴികളും കൃത്യമായി പരിഗണിച്ചിട്ടില്ലെന്നാണ് ഹർജിയിലെ പ്രധാന വാദം ഹുസൈനെ വെറുതെവിട്ട ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ വിലയിരുത്തുന്നതില്‍ വീഴ്ച സംഭവിച്ചെന്നും സാക്ഷികളുടെ മൊഴികള്‍ വേണ്ടത്ര പരിഗണിച്ചില്ലെന്നും സർക്കാർ സുപ്രീം കോടതിയില്‍ സമർപ്പിച്ച ഹർജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഹുസൈൻ ചെയ്തതായി ആരോപിക്കപ്പെടുന്ന കുറ്റകൃത്യം അതീവ ഗുരുതരമാണെന്നും കേസിലെ വസ്തുതകളും തെളിവുകളും കണക്കിലെടുത്ത് ഹൈക്കോടതി വിധി പരിശോധിക്കേണ്ടതുണ്ടെന്നും സർക്കാർ വാദിക്കുന്നു. ഒന്നാം പ്രതിയെ കുറ്റവിമുക്തനാക്കിയതിനെതിരെയാണ് നിലവിലെ അപ്പീല്‍. സംസ്ഥാന സർക്കാരിനുവേണ്ടി സ്റ്റാൻഡിങ് കോണ്‍സല്‍ അല്‍ജോ കെ. ജോസഫാണ് സുപ്രീം കോടതിയില്‍ അപ്പീല്‍ സമർപ്പിച്ചത്. കേസില്‍ നേരത്തെ വിചാരണക്കോടതി വിധിക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി പ്രതികളുമായി ബന്ധപ്പെട്ട വിധി പുറപ്പെടുവിച്ചത്.

ആദിവാസി യുവാവായ മധുവിനെ 2018 ഫെബ്രുവരിയില്‍ അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മർദിച്ച്‌ കൊലപ്പെടുത്തിയ കേസാണിത്. സംഭവത്തിന് പിന്നാലെ രാജ്യവ്യാപകമായി ശ്രദ്ധ നേടിയ കേസില്‍ നിരവധി പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ തുടരുകയാണ്.
ഒന്നാം പ്രതിയെ വെറുതെവിട്ടതിനെതിരായ സംസ്ഥാന സർക്കാരിന്റെ അപ്പീലില്‍ സുപ്രീം കോടതി ഇനി സ്വീകരിക്കുന്ന നടപടികള്‍ കേസിന്റെ തുടർ നിയമനടപടികളില്‍ നിർണായകമാകും.

spot_img

Related Articles

Latest news