തിരുവനന്തപുരം: സ്ത്രീകളുടെ യാത്രകള്‍ കൂടുതല്‍ സുരക്ഷിതവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി വനിതാ-ശിശു വികസന വകുപ്പ് നടപ്പാക്കുന്ന ഡബ്ല്യൂഒഎംഎൻ (WOMN – Women On the Move & Menstrual Needs)പദ്ധതിക്ക് നാളെ തുടക്കമാകും. യാത്രയ്ക്കിടെ അടിയന്തരമായി സാനിറ്ററി നാപ്കിൻ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ കുറഞ്ഞ നിരക്കില്‍ നാപ്കിനുകള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
ഉപയോഗിച്ച സാനിറ്ററി നാപ്കിനുകള്‍ പരിസ്ഥിതി സൗഹൃദമായി സംസ്കരിക്കുന്നതിനായി ഇൻസിനറേറ്റർ സൗകര്യവും പദ്ധതിയുടെ ഭാഗമായി ഒരുക്കും. പൈലറ്റ് പദ്ധതിയുടെ ഭാഗമായി കെഎസ്ആർടിസിയുടെ 14 കേന്ദ്രങ്ങളിലാണ് ആദ്യഘട്ടത്തില്‍ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകളും ഇൻസിനറേറ്ററുകളും സ്ഥാപിക്കുന്നത്.
ഒരു പാക്കറ്റില്‍ മൂന്ന് സാനിറ്ററി നാപ്കിനുകളാണ് ലഭിക്കുക. ഒരു പാക്കറ്റിന് 10 രൂപയാണ് വില. യാത്രയ്ക്കിടെ സ്ത്രീകള്‍ക്ക് നേരിടേണ്ടിവരുന്ന അടിയന്തര ആവശ്യങ്ങള്‍ പരിഹരിക്കുന്നതിനൊപ്പം ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തില്‍ കെഎസ്ആർടിസി ഡിപ്പോകള്‍ക്ക് പുറമെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ പൊതുസ്ഥലങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലിമിറ്റഡിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് 4.30ന് തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനലില്‍ നടക്കും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോണ്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം വനിതാ ശിശു വികസന തൊഴില്‍ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. തിരുവനന്തപുരം മേയർ വി.വി. രാജേഷാണ് ചടങ്ങിലെ മുഖ്യാതിഥി.

