യുഎഇയിലെ പ്രമുഖ ആരോഗ്യ ശൃംഖലയായ എൻഎംസി ഹെല്‍ത്ത് കെയറിന്റെ തകർച്ചയ്ക്ക് കാരണമായ കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ സ്ഥാപകൻ ഡോ.ബി.ആർ. ഷെട്ടിയും മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രശാന്ത് മങ്ങാട്ടും കുറ്റക്കാരാണെന്ന് അബൂദബി കോടതി. വഞ്ചനാപരവും നിയമവിരുദ്ധവുമായ ബിസിനസ് ഇടപാടുകളില്‍ ഇരുവരും ബോധപൂർവം പങ്കാളികളായിരുന്നുവെന്ന് അബൂദബി ഗ്ലോബല്‍ മാർക്കറ്റ് (എഡിജിഎം) കോടതിയുടെ കൊമേഴ്സ്യല്‍ ആൻഡ് സിവില്‍ ഡിവിഷൻ കണ്ടെത്തി. 2012 ഏപ്രില്‍ 2 മുതല്‍ 2020 ഏപ്രില്‍ 9 വരെയുള്ള കാലയളവിലെ ഇടപാടുകളിലാണ് കോടതിയുടെ കണ്ടെത്തല്‍. നവംബർ അഞ്ചിന് ജസ്റ്റിസ് സർ ആൻഡ്രൂ സ്മിത്താണ് വിധി പുറപ്പെടുവിച്ചത്. വഞ്ചനാപരമായ വ്യാപാരത്തിനും തെറ്റായ രീതിയിലുള്ള വ്യാപാരത്തിനും ഇരുവരും ഉത്തരവാദികളാണെന്ന് കോടതി വ്യക്തമാക്കി.
എൻഎംസി ഹെല്‍ത്ത് കെയറിന്റെ ആസ്തികള്‍ തിരിച്ചുപിടിക്കുന്നതിനും നഷ്ടപരിഹാരം കണക്കാക്കുന്നതിനുമുള്ള അടിസ്ഥാന തുകയായി 5.39 ബില്യണ്‍ ഡോളറാണ് കോടതി നിശ്ചയിച്ചത്. എന്നാല്‍ ഈ തുക ഇരുവരും നേരിട്ട് അടയ്ക്കണമെന്ന അന്തിമ ഉത്തരവോ പിഴയോ അല്ലെന്നും നഷ്ടപരിഹാര കണക്കുകളുടെ പ്രാരംഭ ഘട്ടമാണെന്നും കോടതി വ്യക്തമാക്കി. അതേസമയം, എൻഎംസി കേസുമായി ബന്ധപ്പെട്ട നഷ്ടങ്ങളുടെ പേരില്‍ അബൂദബി കൊമേഴ്സ്യല്‍ ബാങ്ക് പ്രശാന്ത് മങ്ങാട്ടിനെതിരെ നല്കിയ പ്രത്യേക കേസിലും ബാങ്കിന് അനുകൂലമായ വിധിയുണ്ടായി. ചില പ്രത്യേക വ്യവസ്ഥകള്‍ക്ക് വിധേയമായി 1.19 ബില്യണ്‍ ഡോളറിലധികം നഷ്ടപരിഹാരം ഈടാക്കാൻ ബാങ്കിന് അർഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
2012 മുതല്‍ 2020 വരെയുള്ള കാലയളവില്‍ എൻഎംസി ഗ്രൂപ്പില്‍നിന്ന് വൻതോതില്‍ പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയതും കമ്പനിയുടെ ആസ്തികള്‍ ദുരുപയോഗം ചെയ്തതുമാണ് കേസിന്റെ പ്രധാന പശ്ചാത്തലം. കമ്പനിയുടെ യഥാർഥ സാമ്പത്തിക സ്ഥിതി മറച്ചുവെക്കാൻ ബോധപൂർവമായ ശ്രമങ്ങള്‍ നടന്നതായും കോടതി കണ്ടെത്തി. വലിയ തോതില്‍ കടമെടുത്തിരുന്നെങ്കിലും ഈ ബാധ്യതകള്‍ കൃത്യമായി വെളിപ്പെടുത്തിയിരുന്നില്ല. തെറ്റായ സാമ്പത്തിക പ്രസ്താവനകളിലൂടെ കമ്പനിയുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് പൊതുജനങ്ങളെയും അധികൃതരെയും തെറ്റിദ്ധരിപ്പിച്ചുവെന്നും കണ്ടെത്തലുണ്ട്.
1975ല്‍ ഡോ. ബി.ആർ. ഷെട്ടിയാണ് എൻഎംസി ഹെല്‍ത്ത് കെയർ സ്ഥാപിച്ചത്. ചെറിയൊരു ക്ലിനിക്കായി ആരംഭിച്ച സ്ഥാപനം പിന്നീട് യുഎഇയിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ ശൃംഖലകളിലൊന്നായി വളർന്നു. ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന കമ്പനി 2012ല്‍ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തു. 2018ല്‍ കമ്പനിയുടെ വിപണിമൂല്യം 8.58 ബില്യണ്‍ പൗണ്ടായി (10.5 ബില്യണ്‍ ഡോളർ) ഉയർന്നിരുന്നു.
എന്നാല്‍ 2019 ഡിസംബറില്‍ മഡ്ഡി വാട്ടേഴ്സ് എന്ന ഷോർട്ട് സെല്ലർ സ്ഥാപനം പുറത്തുവിട്ട റിപ്പോർട്ടോടെയാണ് എൻഎംസിയുടെ തകർച്ച ആരംഭിച്ചത്. കമ്പനിയുടെ ആസ്തിമൂല്യം പെരുപ്പിച്ചുകാട്ടുകയും കടബാധ്യതകള്‍ കുറച്ചുകാണിക്കുകയും ചെയ്തെന്നായിരുന്നു റിപ്പോർട്ടിലെ പ്രധാന ആരോപണം. തുടർന്ന് നടത്തിയ സ്വതന്ത്ര അന്വേഷണത്തില്‍ 4.4 ബില്യണ്‍ ഡോളറിലധികം വെളിപ്പെടുത്താത്ത കടബാധ്യതകള്‍ കണ്ടെത്തി. ഇതോടെ 2020 ഏപ്രിലില്‍ കമ്പനി അഡ്മിനിസ്ട്രേഷന്റെ കീഴിലായി.

