പ്രവാസികളുടെ ദുരിതങ്ങളിൽ കൈത്താങ്ങാകാൻ ഒഐസിസി റിയാദ് ചാരിറ്റി ആൻഡ് വെൽഫെയർ വിങ്

റിയാദ്: പ്രവാസജീവിതത്തിലെ വിവിധ പ്രതിസന്ധികളിലും പ്രയാസങ്ങളിലും അകപ്പെടുന്നവർക്ക് ആശ്വാസവും ദുരിതമനുഭവിക്കുന്നവർക്ക് ആവശ്യമായ സഹായവും പിന്തുണയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാരിറ്റി ആൻഡ് വെൽഫെയർ വിങ് രൂപീകരിച്ചു. മലാസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ വിങ്ങിന്റെ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തത്.

പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങൾ, തൊഴിൽപ്രതിസന്ധികൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ, അടിയന്തര സാഹചര്യങ്ങൾ തുടങ്ങിയവയിൽ ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനായി സംഘടിതമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണ് പുതിയ വിങ്ങിന്റെ പ്രധാന ലക്ഷ്യം. പ്രവാസലോകത്ത് ഒറ്റപ്പെട്ടുപോകുന്നവർക്കും രോഗം, തൊഴിൽ നഷ്ടം, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ കാരണങ്ങളാൽ പ്രയാസം അനുഭവിക്കുന്നവർക്കും ആവശ്യമായ സഹായങ്ങൾ സമയബന്ധിതമായി എത്തിക്കുന്നതിന് വിങ് മുൻഗണന നൽകും.

ആശുപത്രി അടിയന്തര സഹായം, ചികിത്സയുമായി ബന്ധപ്പെട്ട പിന്തുണ, യാത്രാ–ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സഹായം എന്നിവയ്ക്കൊപ്പം പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങളിൽ ആവശ്യമായ മാർഗനിർദേശങ്ങളും പിന്തുണയും ലഭ്യമാക്കും. അടിയന്തര ചികിത്സ ആവശ്യമായി വരുന്ന സാഹചര്യങ്ങളിൽ സഹായം ഏകോപിപ്പിക്കുക, ആശുപത്രികളുമായി ബന്ധപ്പെട്ട നടപടികളിൽ പിന്തുണ നൽകുക, നാട്ടിലേക്ക് മടങ്ങേണ്ട സാഹചര്യങ്ങളിൽ യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള സഹായം ലഭ്യമാക്കുക തുടങ്ങിയ പ്രവർത്തനങ്ങളും വിങ്ങിന്റെ പരിഗണനയിലുണ്ടാകും.

സഹായം തേടിയെത്തുന്നവരുടെ യഥാർഥ സാഹചര്യങ്ങൾ മനസ്സിലാക്കി അർഹരായവരെ കണ്ടെത്തുന്നതിനും ആവശ്യമായ സഹായം സമയബന്ധിതമായി ലഭ്യമാക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. ബന്ധപ്പെട്ട സ്ഥാപനങ്ങൾ, സാമൂഹിക പ്രവർത്തകർ, സന്നദ്ധ സംഘടനകൾ, പ്രവാസി കൂട്ടായ്മകൾ എന്നിവരുമായി സഹകരിച്ച് കൂടുതൽ കാര്യക്ഷമമായ രീതിയിൽ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും.

ജീവകാരുണ്യ പ്രവർത്തനങ്ങൾ കേവലം സാമ്പത്തിക സഹായത്തിൽ ഒതുങ്ങാതെ, പ്രയാസമനുഭവിക്കുന്നവരുടെ മാനസികമായ ആശ്വാസത്തിനും സാമൂഹിക സുരക്ഷയ്ക്കും പ്രാധാന്യം നൽകുന്നതായിരിക്കണമെന്ന് യോഗം അഭിപ്രായപ്പെട്ടു. സഹായം തേടുന്നവരുടെ അന്തസ്സും സ്വകാര്യതയും സംരക്ഷിച്ചുകൊണ്ട് അവരുടെ പ്രശ്നങ്ങളിൽ ആത്മാർഥമായി ഇടപെടുക എന്നതാണ് വിങ്ങിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാന സമീപനം.

പുതിയ ചാരിറ്റി ആൻഡ് വെൽഫെയർ വിങ്ങിന്റെ ഭാരവാഹികളായി ഷിഹാബ് കൊട്ടുകാട് (ചെയർമാൻ), മുഹ്‌യിദ്ധീൻ ഹാജി മാള (വൈസ് ചെയർമാൻ), സൈഫ് കായംകുളം (ജനറൽ കൺവീനർ), സുരേഷ് ശങ്കർ (ട്രഷറർ), ഷംനാദ് കരുനാഗപ്പള്ളി (ചീഫ് കോർഡിനേറ്റർ), അബ്ദുൽ ഖാദർ മോച്ചേരി, അൻസാർ നെയ്തല്ലൂർ (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

ജോസഫ് പുത്തൻതറ, മൃദുല വിനീഷ് എന്നിവരെ ഹോസ്പിറ്റൽ എമർജൻസി കോർഡിനേറ്റർമാരായും അഖിനാസ് കരുനാഗപ്പള്ളിയെ ട്രാൻസ്പോർട്ടേഷൻ കോർഡിനേറ്ററായും ഷിബു ഉസ്മാനെ മീഡിയ കോർഡിനേറ്ററായും നിയോഗിച്ചു.

വിവിധ സബ് കമ്മിറ്റി കൺവീനർമാരായി ജിബിൻ സമദ് കൊച്ചി, സൈനുദ്ദീൻ പാലക്കാട്, നിഷാദ് കാലിക്കറ്റ്, ഷാജഹാൻ പാണ്ട, നേവൽ ഗുരുവായൂർ എന്നിവരെയും തിരഞ്ഞെടുത്തു. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി സ്വാഗതവും സൈഫ് കായംകുളം നന്ദിയും പറഞ്ഞു.

 

spot_img

Related Articles

Latest news