ട്രംപിന് വന്‍ തിരിച്ചടി; സെനറ്റ് പിടിച്ചെടുത്ത് ഡെമോക്രാറ്റുകള്‍, 28 വര്‍ഷത്തിനുശേഷം സൗത്ത് കരോലിനയിലും വിജയം, ടെക്‌സാസിലും ഒഹായോയിലും റിപ്പബ്ലിക്കന്‍ കോട്ടകള്‍ തകര്‍ന്നു

വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കും കനത്ത തിരിച്ചടി നല്‍കി അമേരിക്കന്‍ ഇടക്കാല തിരഞ്ഞെടുപ്പ് ഫലം. നിര്‍ണായക സംസ്ഥാനങ്ങളില്‍ അട്ടിമറി വിജയം നേടിയ ഡെമോക്രാറ്റുകള്‍ സെനറ്റിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചു. ജനപ്രതിനിധിസഭയിലും ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. ട്രംപിന്റെ ഭരണനയങ്ങള്‍ക്കെതിരായ ജനവിധിയായാണ് തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്.

തോല്‍വിയില്‍ അസംതൃപ്തി പ്രകടിപ്പിച്ച ട്രംപ്, ബാലറ്റില്‍ തന്റെ പേര് ഉണ്ടായിരുന്നെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി വന്‍വിജയം നേടുമായിരുന്നുവെന്ന് പ്രതികരിച്ചു. താന്‍ മത്സരിച്ചിരുന്നെങ്കില്‍ പാര്‍ട്ടിക്ക് അഖണ്ഡവിജയം ഉറപ്പായിരുന്നുവെന്നായിരുന്നു ട്രൂത്ത് സോഷ്യലിലെ കുറിപ്പ്. അതേസമയം, തിരഞ്ഞെടുപ്പ് ഫലത്തെ സ്വാഗതം ചെയ്യുന്നുവെന്നും ഡെമോക്രാറ്റുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

*28 വര്‍ഷത്തിനുശേഷം ചരിത്രവിജയം*

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ സൗത്ത് കരോലിനയിലാണ് ഏറ്റവും ശ്രദ്ധേയമായ അട്ടിമറി. 28 വര്‍ഷത്തിനുശേഷം സംസ്ഥാനത്ത് ഡെമോക്രാറ്റുകള്‍ സെനറ്റ് സീറ്റ് പിടിച്ചെടുത്തു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും അന്തരിച്ച സെനറ്റര്‍ ലിന്‍ഡ്‌സെ ഗ്രഹാമിന്റെ സഹോദരിയുമായ ഡാര്‍ലിന്‍ ഗ്രഹാമിനെ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ആനി ആന്‍ഡ്രൂസ് പരാജയപ്പെടുത്തി.

1998ല്‍ ഡെമോക്രാറ്റിക് നേതാവ് ഫ്രിറ്റ്‌സ് ഹോളിങ്‌സ് വിജയിച്ചതിനുശേഷം സംസ്ഥാനത്ത് സെനറ്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിക്കുന്ന ആദ്യ വിജയമാണിത്. ലിന്‍ഡ്‌സെ ഗ്രഹാമിന്റെ മരണത്തെത്തുടര്‍ന്നാണ് സഹോദരി ഡാര്‍ലിന്‍ ഗ്രഹാം സെനറ്റിലെത്തിയത്

*ടെക്‌സാസിലും റിപ്പബ്ലിക്കന്‍ കോട്ട തകര്‍ന്നു*

മൂന്നു പതിറ്റാണ്ടിലേറെയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ടെക്‌സാസിലും ഡെമോക്രാറ്റുകള്‍ ചരിത്രവിജയം നേടി. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജെയിംസ് തലാരിക്കോ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി കെന്‍ പാക്സ്റ്റണെ പരാജയപ്പെടുത്തി. 1988നുശേഷം സംസ്ഥാനത്തുനിന്ന് ഡെമോക്രാറ്റിക് സെനറ്റര്‍ തിരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ്.

ഒഹായോയിലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജോണ്‍ ഹ്യൂസ്റ്റഡിനെ പരാജയപ്പെടുത്തി ഡെമോക്രാറ്റിക് നേതാവ് ഷെറോഡ് ബ്രൗണ്‍ വിജയം നേടി. അയോവയില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോഷ് ടുറെക്കും വിജയിച്ചു.

*ജനപ്രതിനിധിസഭയിലും മുന്നേറ്റം*

അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അധോസഭയായ ജനപ്രതിനിധിസഭയിലെ 435 സീറ്റുകളിലേക്കും തിരഞ്ഞെടുപ്പ് നടന്നിരുന്നു. സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കാണ് ഇത്തവണ തിരഞ്ഞെടുപ്പ്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ഉറപ്പിക്കാന്‍ ആവശ്യമായ സീറ്റുകള്‍ ലഭിച്ചതോടെ സെനറ്റിന്റെ നിയന്ത്രണം പാര്‍ട്ടിക്ക് ലഭിച്ചു. ജനപ്രതിനിധിസഭയിലും ഭൂരിപക്ഷം നേടാനുള്ള സാധ്യത ശക്തമാണ് ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ആദ്യ പ്രധാന ദേശീയ ജനവിധിയായാണ് ഇടക്കാല തിരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്. ജീവിതച്ചെലവിലെ വര്‍ധന, സാമ്പത്തിക ആശങ്കകള്‍, ഭരണനയങ്ങളോടുള്ള അതൃപ്തി എന്നിവ ഡെമോക്രാറ്റുകളുടെ മുന്നേറ്റത്തിന് വഴിയൊരുക്കിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

spot_img

Related Articles

Latest news