കൊച്ചി: മതരാഷ്ട്രവാദം ഉയര്‍ത്തി ആര്.എസ്.എസും ഇതര സംഘ്പരിവാരങ്ങളും ക്രൈസ്തവ ഉന്മൂലന പരിപാടികളുമായി രാജ്യവ്യാപകമായി മുന്നോട്ടുപോകുമ്പോള്‍ കേരളത്തിലെ ക്രൈസ്തവ മെത്രാന്മാര് സഭാ ഭേദമന്യേ ആര്.എസ്.എസ് പാളയങ്ങളിലേക്ക് കുടിയേറാന്‍ ശ്രമിക്കുന്നത് വിശ്വാസികളില്നിന്ന് ശക്തമായ തിരിച്ചടിയുണ്ടാക്കുമെന്ന് ജോയൻറ് ക്രിസ്ത്യന്‍ കൗണ്‍സിൽ കേന്ദ്രസമിതിയോഗം മുന്നറിയിപ്പ് നല്കി.
കുരിശ് ധരിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളെല്ലാം നിഷേധിക്കുമെന്ന് മൈസൂരു- കൊഡഗു എം.പി പ്രതാപ് സിംഹയുടെ പ്രസ്താവനപോലും കണ്ടില്ലെന്ന് നടിക്കുന്ന ക്രൈസ്തവ മതമേലധ്യക്ഷർ തങ്ങളുടെ അനധികൃത സമ്പാദ്യത്തിന് പിടിവീഴാതിരിക്കാനാണ് സമുദായാംഗങ്ങളെ വര്‍ഗശത്രുക്കള്‍ക്ക് പണയപ്പെടുത്തുന്നത്.
ഈ വഞ്ചനാപരമായ നീക്കത്തിനെതിരെ ശക്തമായ ചെറുത്തുനിൽപുണ്ടാകും. രാജ്യമെമ്പാടും പൊളിച്ചുമാറ്റപ്പെട്ട ദേവാലയങ്ങളും ചുട്ടുകരിക്കപ്പെട്ട ഗ്രഹാം സ്റ്റെയ്ന്സിനെപ്പോലുള്ള മിഷനറിമാരെയും അകാരണമായി തുറുങ്കിലടക്കപ്പെട്ട സ്റ്റാന്സ്വാമിയെപ്പോലുള്ളവരെയുമൊക്കെ മറന്ന് വര്‍ഗശത്രുക്കള്‍ക്ക് ഓശാനപാടുന്ന മതമേലധ്യക്ഷന്മാരുടെ കച്ചവടക്കണ്ണ് തുറന്നുകാണിക്കാൻ പ്രചാരണ പരിപാടികൾ ആരംഭിക്കാൻ ജോയൻറ് ക്രിസ്ത്യന്‍ കൗണ്‍സില്‍ തീരുമാനിച്ചു.
പ്രസിഡൻറ് ഫെലിക്സ് ജെ. പുല്ലൂടന്‍ അധ്യക്ഷത വഹിച്ചു. വര്‍ക്കിങ് പ്രസിഡൻറ് ജോര്‍ജ് കട്ടിക്കാരന്, അഡ്വ. വര്‍ഗീസ് പറമ്പില്‍, ജോസഫ് വെളിവില്‍, തോമസ് മാത്യു, ആേൻറാ കൊക്കാട്ട്, വി.ജെ. പൈലി, ജോസഫ് പനമൂടന്‍, ജേക്കബ് മാത്യു, സ്റ്റാന്‍ലി പൗലോസ്, ലോനന് ജോയ്, ബാബു ഈരത്തറ എന്നിവര്‍ സംസാരിച്ചു.