ദുബൈ | ബലിപെരുന്നാള്‍ അവധി പ്രമാണിച്ച് യു എ ഇയില്‍ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ 45 ശതമാനം വരെ വര്‍ധന രേഖപ്പെടുത്തിയതായി ട്രാവല്‍ രംഗത്തെ വിദഗ്ധര്‍ അറിയിച്ചു.പെരുന്നാള്‍ അവധിയും ഹജ്ജ് സീസണും ഒരുമിച്ചെത്തിയതും അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ എണ്ണം കൂടിയതും സീറ്റുകളുടെ ലഭ്യത കുറഞ്ഞതുമാണ് നിരക്ക് കുത്തനെ ഉയരാന്‍ കാരണമായത്.
കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ സഊദി അറേബ്യയിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കാണ് ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ളത്. ഇതിന് പുറമെ ഇന്ത്യന്‍ സെക്ടറിലേക്കും കെയ്‌റോ, അമ്മാന്‍ എന്നിവിടങ്ങളിലേക്കും തിരക്കുണ്ട്. കഴിഞ്ഞ രണ്ട് മാസത്തെ അപേക്ഷിച്ച് ടിക്കറ്റ് നിരക്കില്‍ 25 മുതല്‍ 45 ശതമാനം വരെ വര്‍ധനയാണ് മിക്കയിടങ്ങളിലേക്കും ഉണ്ടായിരിക്കുന്നത്. ചില സെക്ടറുകളില്‍ ശരാശരി നിരക്ക് 3,500 ദിര്‍ഹം വരെ എത്തിയിട്ടുണ്ട്.
യാത്രാ ഡിമാന്‍ഡ് വര്‍ധിച്ചെങ്കിലും വിമാന സര്‍വീസുകളുടെ എണ്ണത്തില്‍ ഇനിയും പൂര്‍ണമായ വര്‍ധന ഉണ്ടാകാത്തതാണ് നിരക്ക് കൂടാന്‍ മറ്റൊരു കാരണം. ഇത്തവണ കൂടുതല്‍ ദിവസത്തെ അവധി ലഭിക്കുന്നത് പ്രവാസികളെയും താമസക്കാരെയും നാട്ടിലേക്കും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
ഹജ്ജ് തീര്‍ഥാടകരും അവധിക്കാല യാത്രക്കാരും ഒരേ സമയം വിമാനങ്ങളെ ആശ്രയിക്കുന്നത് വിമാനക്കമ്പനികള്‍ക്ക് വലിയ സമ്മര്‍ദമുണ്ടാക്കുന്നുണ്ട്. വിമാനങ്ങളുടെ ലഭ്യത കുറവായതിനാല്‍ പെരുന്നാള്‍ അവധി തീരുന്നത് വരെ ടിക്കറ്റ് നിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെ തുടരാനാണ് സാധ്യതയെന്നും ട്രാവല്‍ ഏജന്‍സികള്‍ വിലയിരുത്തുന്നു.
Mediawings :

