റിയാദ്: തമിഴ്നാട്ടിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ നടനും രാഷ്ട്രീയ നേതാവുമായ സി. ജോസഫ് വിജയിക്കും, കോൺഗ്രസ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്ന പി. വിശ്വനാഥൻ, എസ്. രാജേഷ് കുമാർ എന്നിവർക്കും റിയാദ് ഒഐസിസി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു. ജനങ്ങളുടെ പ്രതീക്ഷയും യുവതലമുറയുടെ വലിയ പിന്തുണയും കൈവരിച്ച് തമിഴ്നാട്ടിൽ രൂപം കൊണ്ട പുതിയ രാഷ്ട്രീയ മുന്നേറ്റത്തിന് നേതൃത്വം നൽകുന്ന വിജയിയുടെ അധികാരാരോഹണം ദക്ഷിണേന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ അധ്യായത്തിന് തുടക്കമാകുന്നതായി ഒഐസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.
സാമൂഹിക നീതി, ജനക്ഷേമം, വികസന രാഷ്ട്രീയം, മതേതര മൂല്യങ്ങൾ എന്നിവ മുൻനിർത്തി രൂപീകരിച്ച വിശാല ജനാധിപത്യ മുന്നണിക്കാണ് തമിഴ്നാട്ടിൽ ജനങ്ങൾ ശക്തമായ പിന്തുണ നൽകിയതെന്ന് നേതാക്കൾ പറഞ്ഞു. രാജ്യത്തെ ജനാധിപത്യ-മതേതര ശക്തികളുടെ ഐക്യത്തിന്റെ വിജയമാണ് തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റമെന്നും, അത് കൊണ്ടാണ് ഈ മുന്നണിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശക്തമായ പിന്തുണ നൽകി ഒപ്പം നിന്നത് എന്നും അവർ കൂട്ടിച്ചേർത്തു.
യുവജനങ്ങളുടെ ആവേശവും സാധാരണ ജനങ്ങളുടെ വിശ്വാസവും ഒത്തുചേർന്ന ജനവിധിയാണ് വിജയിയെ അധികാരത്തിലെത്തിച്ചതെന്നും റിയാദ് ഒഐസിസി വിലയിരുത്തി.
തമിഴ്നാട്ടിൽ രൂപം കൊണ്ട പുതിയ സർക്കാർ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുകയും തൊഴിലവസരങ്ങൾ, വിദ്യാഭ്യാസം, ആരോഗ്യരംഗം, ക്ഷേമപദ്ധതികൾ എന്നിവയിൽ വലിയ മാറ്റങ്ങൾക്ക് വഴി തെളിക്കുമെന്നും നേതാക്കൾ പ്രത്യാശ പ്രകടിപ്പിച്ചു. കലാരംഗത്ത് ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിത്വമായ വിജയി ഇനി ഭരണരംഗത്തും ജനകീയ മുഖമായി മാറുമെന്നാണ് പ്രവർത്തകരുടെ പ്രതീക്ഷ. തമിഴ്നാട്ടിന്റെ വികസനത്തിനും ജനക്ഷേമത്തിനുമായി പുതിയ സർക്കാർ മികച്ച പ്രവർത്തനം കാഴ്ചവെക്കട്ടെയെന്ന് ആശംസിക്കുകയും, ജനാധിപത്യ-മതേതര രാഷ്ട്രീയത്തിന്റെ ശക്തമായ സന്ദേശമാണ് ഈ വിജയം നൽകുന്നതെന്നും റിയാദ് ഒഐസിസിയുടെ വാർത്താ കുറിപ്പിൽ അറിയിച്ചു.

