ഐഫോണ്‍ 14 സീരീസ് വിപണിയിലെത്തിയിട്ട് അധിക കാലമായിട്ടില്ല, എങ്കിലും ടെക് ലോകത്ത് ഐഫോണ്‍ 15 സീരീസിനെ കുറിച്ചുള്ള ഓരോ റിപ്പോര്‍ട്ടുകളും വലിയ ഓളമാണ് സൃഷ്ടിക്കുന്നത്.
കാരണം, വലിയ മാറ്റങ്ങളാണ് വരാനിരിക്കുന്ന ഐഫോണില്‍ ആപ്പിള്‍ വരുത്താന്‍ പോകുന്നത്. അവയില്‍ ചിലത് ഇപ്പോള്‍ ലീക്കായിരിക്കുകയാണ്.
ആപ്പിള്‍ ആദ്യമായി ഐഫോണില്‍ ഫിസിക്കല്‍ ബട്ടണുകള്‍ ഒഴിവാക്കാന്‍ പോവുകയാണ്. ഇത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട ഐഫോണ്‍ 15 പ്രോ വിശേഷം. ശബ്ദം കൂട്ടാനും കുറയ്ക്കാനുമുള്ള ബട്ടണുകളും പവര്‍ ബട്ടണും ഇല്ലാതെയാകും ഐഫോണ്‍ 15 സീരീസ് എത്തുകയെന്ന് പ്രമുഖ അനലിസ്റ്റായ മിങ് ചി കുവോ ആണ് പുറത്തുവിട്ടിരിക്കുന്നത്.
ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്സ് എന്നീ മോഡലുകളിലാകും പുതിയ മാറ്റമുണ്ടാവുക. വശങ്ങളിലായി ഉയര്‍ന്നുനില്‍ക്കുന്ന ഫിസിക്കല്‍ / മെക്കാനിക്കല്‍, വോള്യം + പവര്‍ ബട്ടണുകള്‍ അപ്രത്യക്ഷമാകും, പകരം, അവിടെ ബട്ടണ്‍ അമര്‍ത്തുന്ന അനുഭവം നല്‍കുന്ന രീതിയില്‍ വൈബ്രേഷന്‍ സജ്ജീകരിക്കും. വശങ്ങളില്‍ അമര്‍ത്തുമ്ബോള്‍ ഫീഡ്‌ബാക്ക് ലഭിക്കുന്നതിന് ഐഫോണ്‍ 15 പ്രോ മോഡലുകളുടെ ഇടത്തും വലത്തും മൂന്ന് ടാപ്‌റ്റിക് എഞ്ചിനുകള്‍ നല്‍കിയേക്കും.
ഐഫോണ്‍ 7-ലും ഐഫോണ്‍ 8-ലുമൊക്കെയുള്ള ഹോം ബട്ടണുകള്‍ (ടച്ച് ഐഡി) പ്രവര്‍ത്തിക്കുന്ന രീതിയിലാകും ഐഫോണ്‍ 15 പ്രോ മോഡലുകളുടെ വോള്യം ബട്ടണുകളും പവര്‍ ബട്ടണും പ്രവര്‍ത്തിക്കുക.
അതേസമയം, കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നതിനായി ഈ പുതിയ ഫിസിക്കല്‍ ബട്ടണ്‍-ലെസ് ഡിസൈന്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മാതാക്കളും കോപ്പിയടിക്കുമെന്ന് മിങ് ചി കുവോ പറയുന്നു.