അരുണോദയം


അരുണോദയം

ലേഖിക: സന ഫാത്തിമ സക്കീർ

ചെറുപ്പത്തിൽ ബാബ പറഞ്ഞു തന്ന കഥ ഓർക്കുന്നു. സ്നേഹത്തിന്റെ കഥ. സ്നേഹത്തിനായി ത്യാഗം ചെയ്യുന്നതായിരുന്നു അതിന്റെ സാരം.ബാബ ഓഫീസിൽ നിന്ന് വന്ന ശേഷം ഞാൻ ഉറങ്ങുന്നതിന് മുന്നേ എന്നെ അടുത്ത് ചേർത്ത് കിടത്തി ഓരോ ദിവസവും ഓരോരോ കഥകൾ വായിച്ച് കേൾപ്പികുമായിരുന്നു. ഓരോന്നിലും ഓരോരോ ആശയങ്ങൾ. മൂല്യങ്ങൾ. അവരുടെ നേതൃത്വത്തിൽ സംഗീതത്തിനോടും വായനയോടും ഏറെ പ്രിയം തോന്നിയിരുന്നു. ഞാനറിയാതെ തന്നെ അവയെ പ്രണയിച്ച് തുടങ്ങുകയായിരുന്നു. അങ്ങനെ പാട്ടും പ്രസംഗവും വായനയുമൊക്കെയായി ജീവിതത്തിന്റെ ഒഴുക്കിൽ മുന്നോട്ട് പോയി. പത്താം ക്ലാസ്സ് കഴിഞ്ഞ് എനിക്ക് ഹ്യുമാനിറ്റീസ് എടുക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടു. അതിന് പ്രത്യേക കാരണങ്ങളൊന്നുമില്ല. എനിക്ക് സയൻസ് പാടായിരുന്നു. അത്ര തന്നെ. ഒരുപക്ഷെ അതെടുത്തുകഴിഞ്ഞാൽ ഞാനൊരു വട്ടപ്പൂജ്യമാണെന്ന് തെളിയിക്കുന്നതിനു തുല്യമാകും എന്ന ഭയം എനിക്കുണ്ടായിരുന്നു.. അന്ന് അവർ പറഞ്ഞത് വെറുതെ ഒന്ന് ശ്രെമിക്കാൻ മാത്രമാണ്. അവർക്കെന്നിൽ വിശ്വാസമുണ്ടായിരുന്നു. ഞാനവർ ആഗ്രഹിക്കുന്ന എന്തൊക്കെയോ ആയി തീരുമെന്നുള്ള വിശ്വാസം. ഞാൻ അതനുസരിച്ചു. ശ്രമിക്കാമെന്ന് തീരുമാനിച്ചു. പലപ്പോഴും കൂട്ടുകാരും മറ്റും തമാശക്കെന്നവണ്ണം ഓരോന്നും പറഞ്ഞു കളിയാക്കും. എന്തേ പിന്നെ സയൻസ് എടുത്തു? തുടങ്ങിയ ചോദ്യാവലി പിന്തുടർന്നു. പിന്നീട് ഒട്ടും പ്രതീക്ഷിക്കാതെ ഒരുപാട് നല്ല മാറ്റങ്ങൾ എനിക്ക് സംഭവിച്ചു. അതിനെ.. ആ വിഷയത്തെ ഞാൻ ഇഷ്ടപ്പെട്ട് തുടങ്ങി. വൈകിയെങ്കിലും. പന്ത്രണ്ടിലെ പരീക്ഷാഫലപ്പ്രകാരം എനിക്ക് പാലായിൽ അഡ്മിഷൻ ലഭിച്ചു.പാലായിലെ മുത്തോലിയിൽ എത്തുമ്പോൾ ഇനി എങ്ങനെ എന്ന ചോദ്യം മനസ്സിൽ കുടുങ്ങി. പുതിയ നാട്. പരിസരം. ആളുകൾ. എല്ലാം. ചമ്മലോടെയാണ് ആദ്യം എല്ലാവരോടുമായി മിണ്ടി തുടങ്ങുന്നത്.ഹോസ്റ്റലിലെ കുട്ടികളൊക്കെ പരസ്പരം പേരുകളൊക്കെ പഠിച്ച് ഇണങ്ങിയെങ്കിലും എനിക്കെന്തോ ഒരു മൂഡത അനുഭവപ്പെട്ടിരുന്നു. ആദ്യത്തെ രണ്ടാഴ്ച ആ മൂഢത മറക്കാനാണോ അതോ ആരോടോ ഉള്ള വാശി തീർക്കാനാണോ എന്നെനിക്ക് അറിയില്ല… ഞാൻ ഒരു പുസ്തകപ്പുഴുവായി രൂപം കൊണ്ടു. കണ്ണുകൾ ഞാൻ ആ പുസ്തകത്തിൽ നട്ടുവെങ്കിലും എന്റെ മനസ്സ് പാറി നടന്നു… ആകാശത്തിലൂടെ… ഒരു പട്ടം പോലെ. അഡ്മിഷൻ ബന്ധമായ കാര്യങ്ങൾ കയ്കാര്യം ചെയ്തത് റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥന്റെ മകനായ അരുൺ അല്ല താടിക്കാരൻ ചേട്ടനായിരുന്നു. ” തന്റെ പേര് എങ്ങനെയാടോ? ” ആദ്യമായി മിണ്ടി തുടങ്ങുന്നത് അങ്ങനെയാണ്. അന്ന് മനസ്സിൽ പതിഞ്ഞത് ചേട്ടന്റെ പ്രായത്തിന്റെ പക്വത നിറഞ്ഞ മുഖവും എന്നാൽ പ്രായത്തിലേറെ വെളിപ്പെടുന്ന ഗൗരവവുമായിരുന്നു.

ആദ്യമൊക്കെ നല്ല മാർക്ക് റാങ്ക് എന്നിങ്ങനെ എല്ലാം കൊണ്ടും ഞാൻ ഹാപ്പി ആയിരുന്നു. പിന്നീട് ക്ലാസ്സുകളുടെ സമയം കൂട്ടി , എല്ലാ ആഴ്ചയിലും പരീക്ഷ വെച്ചു, റിപ്പോർട്ട് കാർഡ് എന്തിന് ഫോൺ ടൈം വരെ കുറച്ചു. പതിയെ ഇതെനിക്ക് പറ്റിയതല്ല എന്ന് തോന്നി തുടങ്ങിയെങ്കിലും എടുത്ത കാൽ മുന്നോട്ട് തന്നെ പതറാതെ എന്ന മട്ടായിരുന്നു. അങ്ങനെ ആഴ്ചകൾ തോറും പരീക്ഷകൾ എഴുതി. ചിലതിൽ നല്ല മാർക്കും ചിലതിൽ മോശം മാർക്കും. മാർക്സ് കുറയുമ്പോഴൊക്കെ വീട്ടിലേക്ക് വിളിക്കാനോ കൂട്ടുകാരോട് സംസാരിക്കാനോ മടിയാണ്. ഒരു ഉൾവലിയൽ. ചിലപ്പോഴൊക്കെ മനസ്സിൽ തോന്നുന്നതെന്തോ അത് കുത്തികുറിക്കും. ഒരിക്കൽ എഴുതിയിരുന്നു :
‘ I’m just a waste here. Feel like can’t handle it anymore. Baba & Ammy you told me to try and I’m still trying…So hard that I can’t even sleep better. Forget your prestige issues. I’m not gonna put your heads down because of my character but I don’t know when it comes to be about my marks.’
എൻട്രൻസ് കോച്ചിംഗ് സെന്റർ.അത് വേറൊരു ലോകമാണ്. ഇതിന് മുന്നേ ആഗ്രഹിച്ചിരുന്നു ഇവിടെ എത്താൻ. പക്ഷെ ഇവിടെ മിടുക്ക് തെളിയിക്കേണ്ടത് പഠനത്തിലാണ്. പഠനത്തിൽ മാത്രം..കേരളമെമ്പാടുമുള്ള ടോപ്പേഴ്സിന്റെ ഒപ്പമാണ് ഞാൻ മത്സരിക്കുന്നത് എന്നോർത്തപ്പോൾ ഒരുപാട് ആശങ്ക തോന്നി. നേരത്തെ എന്നിൽ ഉണ്ടായിരുന്ന ആ ഭയം. വട്ടപ്പൂജ്യമാകുമോ എന്ന ഭയം. അതെന്നെ അലട്ടിക്കൊണ്ടേ ഇരുന്നു. വീട്ടിൽ വിളിക്കുമ്പോൾ ഞാൻ പലപ്പോഴും തുറന്ന് പറയും…. അപ്പോൾ ” ഇനി ഇതിപ്പോ കിട്ടിയില്ലെങ്കിൽ തന്നെ എന്താ… നീ ഞങ്ങടെ മകൾ തന്നെയല്ലേ. എന്തിനാ വെറുതെ ഓരോന്ന് ആലോചിച്ച് കൂട്ടുന്നേ. നമുക്ക് നല്ലതേതോ അത് നമുക്ക് കിട്ടിയിരിക്കും. പടച്ചോൻ തന്നിരിക്കും . പിന്നെന്താ?.” എന്നായിരുന്നു മറുപടി. സാന്ത്വനം. ആശ്വാസം.
അതിൽ എല്ലാത്തിലുമുപരി ഒരുപാട് മാറ്റം സംഭവിച്ചു എന്നതാണ്. സ്വന്തം കാര്യങ്ങൾ വ്രത്തിക്ക് ചെയ്യാൻ പഠിച്ചു. ഫോൺ വാങ്ങി വെച്ചതിൽ പിന്നീട് മറ്റ് കുട്ടികളുമായി ഇടപെട്ടു. എന്തിന് ഏതോരു സാഹചര്യവും കയ്കാര്യം ചെയ്യാൻ വരെ പഠിച്ചു.
പല തവണ സുഖമില്ലാതെ വന്നപ്പോഴൊക്കെ ഭക്ഷണം എത്തിക്കാനും, സുഖവിവരം അന്വേഷിക്കാനും താടിക്കാരൻ ചേട്ടനും അദ്ദേഹത്തിന്റെ കുടുംബവും മടിച്ചിരുന്നില്ല. കുറച്ച് സെൻസിറ്റീവ് ആയതിനാൽ തന്നെ മറ്റു കുട്ടികൾക്ക് കൊടുത്തിരുന്നതിനേക്കാൾ ഏറെ പരിഗണന ചേട്ടനും വാർഡ്ന്മാരും പിന്നെ എന്റെ ഏറ്റവും പ്രിയപ്പെട്ട ഗ്രേസിയമ്മയും തന്നിരുന്നു. ഏത് പാതിരാത്രിയിലും. ഒട്ടും മടിക്കാതെ.നാട്ടിലേക്ക് എന്നെ പറിച്ച് നട്ടതുകൊണ്ടാകണം മനസ്സ് നാടുമായി ഇണങ്ങിയപ്പോൾ ശരീരം പിണങ്ങി. തുടർന്ന് ഡോക്ടറുടെ നിർദ്ദേശപ്രകാരം ഡയറ്റ് ചെയ്യേണ്ടി വന്നിരുന്നു. അത് മനസ്സിലാക്കി ചേട്ടൻ മെസ്സിൽ കഴിക്കാത്തവർക്കായി വേറെ ഭക്ഷണം കരുതുകയും ചെയ്തു.
” താൻ ഫുഡ് കഴിച്ചോ. അതെന്നാ വേണ്ടാത്തെ. രണ്ടെണ്ണം വന്ന് കഴിക്ക് ” ഒട്ടും മടിക്കാതെ ഞാൻ അദ്ദേഹത്തെ സ്വന്തം ചേട്ടനെ പോലെ കണ്ട് തുടങ്ങി. ഒരു തവണ തീരെ വയ്യാതെ വന്നിരുന്നു. അന്ന് കോളേജിൽ നിന്നും ഹോസ്റ്റലിലേക്ക് കൊണ്ട് പോകാൻ എത്തിയത് മുരളി സർ ( ചേട്ടന്റെ അച്ഛൻ )ആയിരുന്നു കൂടെ വാർഡ്നും. അദ്ദേഹം കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയതിനു ശേഷം ” മോളെ നമുക്ക് നമ്മുടെ ഈ അടുത്തുള്ള ആശുപത്രിയിൽ പോയാൽ പോരെ. ഒന്ന് ആലോചിക്ക്. വീട്ടുകാരെ ഇനി വിളിച്ച് ബുദ്ധിമുട്ടിക്കണോ? “. പിന്നെ അവിടന്ന് ഹോസ്പിറ്റലിലേക്ക് ഉണ്ണി ചേട്ടനും ( താടിക്കാരൻ ചേട്ടന്റെ അനിയൻ ) രാജി ആന്റിയുമായിരുന്നു( ചേട്ടന്റെ അമ്മ ) കൊണ്ട് പോയത്. ഏറെ സ്നേഹിച്ചും സഹായിച്ചും ആ കുടുംബം ഒപ്പമുണ്ടായിരുന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ. കലർപ്പില്ലാത്ത സ്നേഹം.ഒരുപക്ഷെ എൻട്രൻസ് എന്ന യുദ്ധത്തിൽ ഞാൻ പൂർണ്ണമായും തളരാതിരുന്നത് ഇവരൊക്കെ കാണിച്ച സ്നേഹം കൊണ്ട് മാത്രമാണ്.

ലേഖിക: സന ഫാത്തിമ സക്കീർ, പ്രവാസ ലോകത്തെ വിദ്യാർത്ഥിനിയാണ് 

മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾക്കുമുണ്ടോ ഒരു ആശയം ? നിങ്ങളുടെ സൃഷ്ടികള്‍ mediawingschannel@gmail.com എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും നിങ്ങളെക്കുറിച്ചുള്ള ചെറിയ കുറിപ്പും അയക്കണം. തെരഞ്ഞെടുക്കപ്പെടുന്ന സൃഷ്ടികള്‍ മീഡിയാ വിങ്ങ്സിൽ പ്രസിദ്ധീകരിക്കും.

 

spot_img

Related Articles

Latest news