ഒട്ടാവ: കാനഡയില്‍ വിദേശികള്‍ വീടുവാങ്ങുന്നതിന് നിരോധനം. ഞായറാഴ്ച മുതലാണ് വിലക്ക് നിലവില്‍ വന്നത്. നിലവില്‍ രണ്ടു വര്‍ഷത്തേക്കാണ് വിലക്ക്.
കൂടുതല്‍ പ്രദേശവാസികള്‍ക്ക് ന്യാമായ തുകക്ക് താമസ സ്ഥലം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് വിദേശികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. അതേസമയം, അഭയാര്‍ഥികള്‍, പൗരന്‍മാരല്ലാത്ത സ്ഥിരതാമസക്കാര്‍ എന്നിവര്‍ക്ക് രാജ്യത്ത് വീടുകള്‍ വാങ്ങാം.
നിരോധനം നഗരത്തിലെ വീടുകള്‍ക്ക് മാത്രമാണെന്നും സമ്മര്‍ കോട്ടേജുകള്‍ പോലെ വിനോദങ്ങള്‍ക്ക് വേണ്ടിയുള്ളവക്കല്ലെന്നും ഡിസംബര്‍ അവസാനം ഒട്ടാവ അധികൃതര്‍ വ്യക്തമാക്കിയിരുന്നു. വിദേശ നിക്ഷേപങ്ങള്‍ വര്‍ധിച്ചതോടെ രാജ്യത്ത് വില കുതിച്ചുയര്‍ന്നു. അതിനാല്‍ വീടുകള്‍ വാങ്ങാന്‍ പല കാനഡക്കാര്‍ക്കും സാധിക്കാതായിരുന്നു.
രണ്ട് വര്‍ഷത്തേക്ക് താത്കാലികമായി വിദേശികള്‍ വീടുവാങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം 2021 ലെ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ജസ്റ്റിന്‍ ട്രൂഡോ മുന്നോട്ടുവെച്ചിരുന്നു.
കനേഡിയന്‍ വീടുകളുടെ ചാരുത സമ്ബന്നരെയും വിദേശ നിക്ഷേപകരെയും ബിസിനസുകാരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. ഇത് ഉപയോഗിക്കാതെ, ഒഴിഞ്ഞു കിടക്കുന്ന നിരവധി വീടുകള്‍ ഉണ്ടാകുന്നതിനിടയാക്കുകയും വില കുതിച്ചുയരുകയും സാധാരണ നാട്ടുകാര്‍ക്ക് താങ്ങാനാവാത്ത അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. വീടുകള്‍ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. നിക്ഷേപകര്‍ക്ക് വേണ്ടിയല്ല -എന്നായിരന്നു നിലവിലെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പറഞ്ഞത്. അവരുടെ തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം പതുക്കെ, വിദേശികള്‍ വീടുവാങ്ങുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് വരികയായിരുന്നു.
വിദേശികളുടെ ഇഷ്ടമേഖലകളായ വാര്‍കോവര്‍, ടൊറന്റോ എന്നിവിടങ്ങളിലും ഒഴിഞ്ഞു കിടക്കുന്ന താമസക്കാരില്ലാത്ത വീടുകള്‍ക്ക് നികുതി ചുമത്തിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് അഞ്ച് ശതമാനത്തില്‍ താഴെ മാത്രമാണ് വിദേശികള്‍ക്ക് വീടുള്ളത്. ഇവര്‍ വീടുവാങ്ങുന്നത് നിരോധിക്കുന്നത് കൊണ്ടുമാത്രം വീടുകളുടെ വിലകുറയില്ലെന്നാണ് നാഷണല്‍ സ്ട്രാറ്റജിക്കല്‍ ഏജന്‍സിയുടെ നിഗമനം.