തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിന് പിന്നാലെ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ തിരക്കിട്ട ചര്‍ച്ച.വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടുകയും എഐസിസി യോഗം ചേര്‍ന്ന് തീരുമാനം എടുക്കുകയും ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കേരളത്തില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഊര്‍ജിതമാക്കിയിട്ടുണ്ട്.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളുടെ അഭിപ്രായം തേടാന്‍ എഐസിസി നിരീക്ഷകരെ ഇന്ന് തന്നെ പ്രഖ്യാപിച്ചേക്കും. ഒരാഴ്ചയ്ക്കുള്ളില്‍ ഭരണത്തലവന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനാണ് ഡല്‍ഹിയിലെ നീക്കം. യുഡിഎഫിന്റെ വന്‍ വിജയത്തിന് പിന്നാലെ പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ക്കിടയില്‍ മുഖ്യമന്ത്രി പദത്തിനായി വടംവലി രൂക്ഷമായിരിക്കുകയാണ്.
ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ തങ്ങള്‍ക്കുണ്ടെന്നാണ് കെ.സി. വേണുഗോപാല്‍ വിഭാഗത്തിന്റെ വാദം. മുതിര്‍ന്ന നേതാക്കളുടെയും എംപിമാരുടെയും പിന്തുണയും തങ്ങള്‍ക്കുണ്ടാകുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. എംഎല്‍എമാരുടെ എണ്ണമല്ല, ഭരണനൈപുണ്യവും ഘടകകക്ഷികളിലെ സ്വീകാര്യതയുമാണ് മാനദണ്ഡമാകേണ്ടതെന്ന് വി.ഡി. സതീശന്‍ വിഭാഗം വാദിക്കുന്നത്. ടീം യുഡിഎഫിനെ വിജയത്തിലേക്ക് നയിച്ച നായകനെന്ന നിലയില്‍ സതീശനെ മാറ്റിനിര്‍ത്തുന്നത് തിരിച്ചടിയാകുമെന്ന സൂചനയും ഇവര്‍ നല്‍കുന്നു.
സീനിയോറിറ്റിയും പാര്‍ട്ടിയിലെ അനുഭവപരിചയവും പരിഗണിക്കണമെന്ന് രമേശ് ചെന്നിത്തല വിഭാഗവും പറയുന്നു. പുതിയ എംഎല്‍എമാര്‍, എംപിമാര്‍, മറ്റ് മുതിര്‍ന്ന നേതാക്കള്‍ എന്നിവരുമായി എഐസിസി നിരീക്ഷകര്‍ നേരിട്ട് ചര്‍ച്ച നടത്തിയ ശേഷമായിരിക്കും തീരുമാനം. നിരീക്ഷകര്‍ നല്‍കുന്ന റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷം രാഹുല്‍ ഗാന്ധിയാകും അന്തിമ പ്രഖ്യാപനം നടത്തുക. ഇത്തവണ കോണ്‍ഗ്രസിന് ഒറ്റയ്ക്ക് 63 സീറ്റുകള്‍ ഉള്ളതിനാല്‍ ഘടകകക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ട സാഹചര്യം പാര്‍ട്ടിക്കില്ല.

