റിയാദ്: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൈവരിച്ച ഉജ്ജ്വല വിജയത്തിന്റെ ആവേശത്തിൽ ഒഐസിസി തൃശ്ശൂർ ജില്ലാ കമ്മിറ്റി ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം നൂറിലധികം സീറ്റുകൾ നേടി യു.ഡി.എഫ് കേരളത്തിൽ അധികാരത്തിൽ തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവെക്കാനാണ് കേക്ക് മുറിച്ചും മധുര പലഹാരം വിതരണം ചെയ്തും ആഘോഷിച്ചത്.
തൃശ്ശൂർ ജില്ലയിൽ യു.ഡി.എഫ് നടത്തിയ കരുത്തുറ്റ മുന്നേറ്റം ആഘോഷത്തിന് ഇരട്ടി മധുരം പകരുന്നു. കഴിഞ്ഞ തവണത്തെ ഒരൊറ്റ സീറ്റിൽ നിന്നും ഇത്തവണ നാല് സീറ്റുകളിലേക്ക് ജില്ലയിൽ കരുത്ത് വർദ്ധിപ്പിക്കാൻ സാധിച്ചത് പ്രവാസ ലോകത്തെ പ്രവർത്തകർക്കിടയിലും വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുഡിഎഫിന്റെ ഉന്നത വിജയത്തിൽ മതി മറക്കാതെ തുടർന്നും ജനോപകരമായ പ്രവർത്തനങ്ങൾ ചെയ്തു UDF സർക്കാർ മുന്നോട്ടു പോകുമെന്ന് പ്രസിഡൻറ് നാസർ വലപ്പാട് പ്രതീക്ഷ പ്രകടിപ്പിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുരേഷ് ശങ്കർ ഉദ്ഘാടനം ചെയ്ത് ചടങ്ങിൽ, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മൊയ്‌ദീൻ മണ്ണാർക്കാട്, രക്ഷാധികാരി രാജു തൃശ്ശൂർ എന്നിവർ സംസാരിച്ചു.
ആഘോഷിച്ചടങ്ങിൽ തൃശ്ശൂർ ജില്ല ജനറൽ സെക്രട്ടറി സോണി പാറക്കൽ സ്വാഗതവും വൈസ് പ്രസിഡണ്ട് ഗഫൂർ ചെന്ത്രാപ്പിന്നി നന്ദിയും പറഞ്ഞു.സേഫ് റഹ്മാൻ, ബാബു കൊടുങ്ങല്ലൂർ, ഹക്കീം പട്ടാമ്പി ,അൻസാർ തൃത്താല, സൈനുദ്ധീൻ വല്ലപ്പുഴ, ഷംസീർ ,എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

