യുഡിഎഫ് ചരിത്രവിജയം: റിയാദിൽ പ്രവാസികൾ ആഘോഷ തിരമാലയിൽ

റിയാദ്: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ചരിത്രവിജയത്തിന്റെ ആവേശം റിയാദിലെ പ്രവാസി സമൂഹത്തിലും വൻ ആഘോഷമായി. റിയാദ് ഒഐസിസി സെൻട്രൽ കമ്മിറ്റി ഓഫീസ് ‘സബർമതി’യിൽ ഒഐസിസി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുലർച്ചെ നാല് മണിമുതൽ തന്നെ തെരഞ്ഞെടുപ്പ് ഫലം തത്സമയം പ്രദർശിപ്പിക്കുന്നതിനുള്ള വലിയ സ്ക്രീൻ സൗകര്യം ഒരുക്കിയിരുന്നു. രാവിലെ മുതൽ ഓഫീസിൽ ഒത്തുകൂടിയ നൂറുകണക്കിന് പ്രവർത്തകർക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രഭാതഭക്ഷണവും നൽകി.

ഏകദേശം ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിന് ശേഷം ഫലം പുറത്തുവന്നപ്പോൾ 102 സീറ്റുകൾ നേടി യുഡിഎഫ് വിജയം ഉറപ്പിച്ചതോടെ റിയാദിലെ വിവിധ പ്രവാസി കേന്ദ്രങ്ങളിൽ ആവേശകരമായ ആഘോഷങ്ങൾ ആരംഭിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരം വിതരണം ചെയ്തും കേക്ക് മുറിച്ചും വിപുലമായ രീതിയിലാണ് വിജയാഘോഷങ്ങൾ സംഘടിപ്പിച്ചത്.

കേരളത്തിൽ ഉണ്ടായത് ഏകാധിപത്യ പ്രവണതകൾക്കും ജനവിരുദ്ധ നയങ്ങൾക്കും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതയ്ക്കുമെതിരായ ശക്തമായ ജനവിധിയാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.ഒഐസിസി റിയാദ് സെന്റർ കമ്മിറ്റി പ്രസിഡന്റ് സലിം കളക്കരയും പാലക്കാട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷിഹാബ് കരിമ്പാറയും ചേർന്ന് കേക്ക് മുറിച്ച് വിജയാഘോഷം നയിച്ചു.

സെന്റർ കമ്മിറ്റി ജനറൽ സെക്രട്ടറി ഫൈസൽ ബഹ്‌സാൻ, വർക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാടുകുന്ന്, ഹക്കീം പട്ടാമ്പി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മൊയ്‌ദീൻ മണ്ണാർക്കാട്, ഷഹീർ കൊട്ടേക്കാട്ടിൽ, സൈനുദ്ധീൻ വല്ലപ്പുഴ, അൻസാർ തൃത്താല, ഷംസീർ പാലക്കാട്, ജംഷാദ്, അൻവർ എന്നിവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

spot_img

Related Articles

Latest news