ചിങ്ങപ്പിറവിയില്‍ മമ്മൂട്ടിയുടെ സമ്മാനം; പുതുവര്‍ഷത്തിലേക്ക് കാതുതുറന്ന് മിഖായേലും മിഹോക്കും.

കൊച്ചി: മമ്മൂട്ടി അവർക്ക് കൊടുത്തയച്ചതായിരുന്നു ആ റേഡിയോ. അതിനൊപ്പം കസവ് മുണ്ടും മാവേലിയുടെ ചിത്രമുള്ള ഷർട്ടും. മക്കളെ കസവ് മുണ്ട് ഉടുപ്പിക്കുന്ന സമയത്ത് സന്തോഷത്താല്‍ കണ്ണീരണഞ്ഞുകൊണ്ട് ബോബിന പറഞ്ഞു: ‘മമ്മൂക്ക മക്കള്‍ക്ക് നല്‍കിയ കേള്‍വിയാണ് ജീവിതത്തിലെ വലിയ ഓണസമ്മാനം!’. അപ്പോള്‍ റേഡിയോയില്‍ ആ പഴയ പാട്ടുവന്നു…’കാതോടുകാതോരം…!! തിങ്കളാഴ്ച ചിങ്ങം പിറക്കുമ്പോള്‍ കേള്‍വിയുടെ പുതിയ വർഷത്തിലേക്ക് കാതുതുറക്കുകയാണ് ഇടുക്കി വണ്ടിപ്പെരിയാറിലെ കുഞ്ഞുസഹോദരങ്ങളായ മിഖായേലും മിഹോക്കും. ജന്മനാ കേള്‍വിശക്തിയില്ലാതിരുന്ന ഇവർക്ക് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള കെയർ ആൻഡ് ഷെയർ ഇന്റർനാഷണല്‍ ഫൗണ്ടേഷനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നു നടപ്പിലാക്കുന്ന ‘കാതോടു കാതോരം’ പദ്ധതിയാണ് തുണയായത്. ഇതിലൂടെ രണ്ടുപേർക്കും കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ സൗജന്യമായി ചെയ്തു.

ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശികളായ സോനു-ബോബിന ദമ്പതികളുടെ മക്കളാണ് മിഖായേലും മിഹോക്കും. മൂത്തയാളായ മിഖായേലിന് രണ്ട് വയസ്സുള്ളപ്പോഴാണ് മാതാപിതാക്കള്‍ കേള്‍വി തകരാർ തിരിച്ചറിയുന്നത്. കൂട്ടുകാരുമായി കളിക്കുന്നതിനിടെ കുരച്ചുകൊണ്ട് പാഞ്ഞടുത്ത നായയെ കണ്ട് കൂടെ ഉണ്ടായിരുന്നവർ ഓടിയെങ്കിലും, മിഖായേല്‍ അത് കേട്ടില്ല. ആദ്യം കാണിച്ച ആശുപത്രിയില്‍ നാക്കിന്റെ പ്രശ്നമാണെന്നും പ്രായമാകുമ്പോള്‍ ശരിയാകുമെന്നും പറഞ്ഞ് തിരിച്ചയച്ചു. പിന്നീട് കട്ടപ്പനയിലെ ആശുപത്രിയില്‍ പരിശോധന നടത്തി ഇയർഫോണ്‍ വെച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. കേള്‍വിയെ സഹായിക്കുന്ന കോക്ലിയയിലെ കോശങ്ങള്‍ക്ക് ആയിരുന്നു തകരാർ. ഇതിനിടെ രണ്ടാമത്തെ കുട്ടിയായ മിഹോക്കിനും സമാനമായ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി. ചെറിയ പ്രായത്തില്‍ തന്നെ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ചെയ്യുന്നതാണ് ഫലപ്രദമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും, വണ്ടിപ്പെരിയാറിലെ ചെറിയ ലായത്തില്‍ കഴിയുന്ന ദിവസവേതനക്കാരനായ സോനുവിന് ഇരുമക്കളുടെയും ചികിത്സയ്ക്കായി ഏകദേശം 25 ലക്ഷത്തോളം രൂപ കണ്ടെത്തുക അസാധ്യമായിരുന്നു.

സർക്കാരിന്റെ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ പദ്ധതിയില്‍ പേര് നല്‍കി കാത്തിരിക്കുകയായിരുന്നു സോനു. അതിനിടയിലാണ് ബോബിന പത്രത്തിലൂടെ ‘കാതോട് കാതോരം’ പദ്ധതിയെക്കുറിച്ച്‌ അറിയുന്നത്. ഉടനെ കുടുംബത്തിന്റെ അവസ്ഥയും, കുട്ടികളുടെ വിവരവുമടക്കം കെയർ ആൻഡ് ഷെയർ ഭാരവാഹികള്‍ക്ക് അപേക്ഷ നല്‍കി. രാജഗിരി ആശുപത്രിയിലെ ഇ.എൻ.ടി, ഹെഡ് ആൻഡ് നെക്ക് സർജറി വിഭാഗം മേധാവി ഡോ. രാജേഷ് രാജു ജോർജിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ശസ്ത്രക്രിയകള്‍ വിജയകരമായി പൂർത്തിയാക്കിയത്. ഇ.എൻ.ടി സർജൻ ഡോ. സജിത്ത് അബ്രാഹാം, അനസ്തേഷ്യ വിഭാഗം മേധാവി ഡോ. ജോജി ആന്റണി, ഇംപ്ലാന്റ് കോ ഓർഡിനേറ്റർ എല്‍ജി എം. മാത്യു, സീനിയർ ഓഡിയോളജിസ്റ്റ് അബിൻ ലാസർ, സീനിയർ സ്പീച്ച്‌ തെറാപ്പിസ്റ്റ് സാറ പോള്‍ എന്നിവരടങ്ങുന്ന വിദഗ്ദ്ധ മെഡിക്കല്‍ സംഘമാണ് ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്.

ഉള്‍ക്കാതിലെ തകരാറുകള്‍ മൂലം നിശബ്ദതയിലായവർക്ക് ശബ്ദതരംഗങ്ങളെ വൈദ്യുത സിഗ്നലുകളാക്കി നേരിട്ട് ശ്രവണനാഡിയിലേക്ക് എത്തിക്കുന്ന ആധുനിക കോക്ലിയർ ഇംപ്ലാന്റേഷൻ സാങ്കേതികവിദ്യയാണ് ഈ കുട്ടികള്‍ക്ക് പുതിയ ജീവിതം സമ്മാനിച്ചിരിക്കുന്നത്. ജന്മനാ കേള്‍വിശക്തിയില്ലാത്ത കുട്ടികളില്‍ എത്രയും നേരത്തെ ഇംപ്ലാന്റേഷൻ നടത്തുന്നത് അവർക്ക് സ്വാഭാവികമായ സംസാരശേഷി കൈവരിക്കാൻ സഹായിക്കുമെന്ന് ഡോക്ടർ രാജേഷ് രാജു ജോർജ് പറഞ്ഞു. നിലവില്‍ ഓഡിറ്ററി വെർബല്‍ തെറാപ്പി പരിശീലനത്തിലാണ് മിഖായേലും മിഹോക്കും.

spot_img

Related Articles

Latest news