കരുത്തന്മാരുടെ ഏറ്റുമുട്ടലിന് സാക്ഷ്യം;ഫുട്‌ബോള്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തിന് സാക്ഷ്യം

ദോഹ: ഖത്തര്‍ ലോകകപ്പ് ലയണല്‍ മെസിക്ക് സ്വന്തം. ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മുന്‍ ചാമ്ബ്യന്മാരായ ഫ്രാന്‍സിനെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് (4-2) അര്‍ജന്റീന കിരീടം നേടിയത്.

രണ്ട് ഗോള്‍ നേടിയ ലയണല്‍ മെസിയും എയ്ഞ്ചല്‍ ഡി മരിയയുമാണ് മുഴുവന്‍ സമയത്ത് അര്‍ജന്റീനയുടെ സ്കോറര്‍മാര്‍. കിലിയന്‍ എംബാപ്പെയാണ് ഫ്രാന്‍സിന്റെ മൂന്ന് ഗോളുകളും നേടിയത്.

മെസിക്ക് വേണ്ടി ഈ കിരീടം നേടുമെന്ന് വ്രതമെടുത്ത് കളത്തിലറങ്ങിയ അര്‍ജന്റീനിയന്‍ ആക്രമണങ്ങള്‍ക്ക് മുന്നില്‍ കളി മറന്നവരുടെ സംഘമായി ഫ്രാന്‍സ് മാറി. പരിക്കും പനിയും പ്രധാന താരങ്ങളെ പിടികൂടിയത് ഫ്രഞ്ച് പടയ്‌ക്ക് ഇരട്ടി ആഘാതമായി. എന്നാല്‍, രണ്ടാം പകുതിയില്‍ കളി മാറി. ഫ്രാന്‍സ് മിന്നല്‍ വേഗത്തില്‍ മത്സരത്തിന്റെ നിയന്ത്രണം സ്വന്തമാക്കുന്നതാണ് പിന്നീട് കണ്ടത്. എംബാപ്പെ എന്ന യാഗാശ്വത്തിന് മുന്നില്‍ അര്‍ജന്റീന വിറങ്ങലിക്കുന്നതിനാണ് ലുസെയ്ല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

ഫുട്ബോള്‍ ലോകത്തിനെ ആവേശത്തിന്റെ കൊടുമുടി കയറ്റി ഇതിഹാസ താരം ലയണല്‍ മെസിയിലൂടെയായിരുന്നു അര്‍ജന്റീന മത്സരത്തിലെ ആദ്യ ഗോള്‍ നേടിയത്. പെനാല്‍റ്റിയിലൂടെ മെസി നേടിയ ആദ്യ ഗോളിന് മുന്നിട്ട് നിന്ന അര്‍ജന്റീന എയ്ഞ്ചല്‍ ഡി മരിയയിലൂടെ ഫൈനലിലെ രണ്ടാം ഗോള്‍ നേടി.

ഇരുപത്തിയൊന്നാം മിനിറ്റില്‍ ഡി മരിയയെ പെനാല്‍റ്റി ബോക്സില്‍ ഡെംബെലെ വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയായിരുന്നു മെസി ഫൈനലിലെ ആദ്യ ഗോള്‍ കണ്ടെത്തിയത്. പ്രാര്‍ത്ഥനയോടെ കിക്കെടുത്ത മെസി അനായാസം പന്ത് വലയിലെത്തിച്ചു.

മുപ്പത്തിയാറാം മിനിറ്റിലായിരുന്നു ഡി മരിയയുടെ രാജകീയമായ തിരിച്ചു വരവ് അടയാളപ്പെടുത്തിയ ഗോള്‍ പിറന്നത്. മെസിയായിരുന്നു രണ്ടാം ഗോളിന്റെയും അമരക്കാരന്‍. മെസിയില്‍ നിന്നും പന്ത് സ്വീകരിച്ച മക് അലിസ്റ്റര്‍ അവസരം ഒട്ടും പാഴാക്കാതെ അത് ഡി മരിയക്ക് നല്‍കി. അവസരം മുതലെടുത്ത ഡി മരിയ അത് മനോഹരമായി ഗോളാക്കി മാറ്റുകയായിരുന്നു.

പനി ബാധിച്ച സൂപ്പര്‍ താരം ജിറൂഡിനെയും ഡെംബെലെയും ഫ്രാന്‍സ് നാല്‍പ്പത്തി മൂന്നാം മിനിറ്റില്‍ പിന്‍വലിച്ചത് ആരാധകരെ നിരാശയിലാക്കി. രണ്ടാം പകുതിയില്‍ ഗോള്‍ ലക്ഷ്യമിട്ട് ഫ്രാന്‍സ് ആക്രമണം കടുപ്പിച്ചു. അര്‍ജന്റീന ആക്രമണത്തിലും പ്രതിരോധത്തിലും ഒരേ പോലെ മികച്ചു നിന്നപ്പോള്‍, അപ്രതീക്ഷിതമായ മടങ്ങി വരവായിരുന്നു എംബാപ്പെ എന്ന യാഗാശ്വത്തിലൂടെ ഫ്രാന്‍സ് നടത്തിയത്.

എഴുപത്തിയൊന്‍പതാം മിനിറ്റില്‍ കൊലോമുവാനിയെ ബോക്സില്‍ തള്ളി വീഴ്‌ത്തിയ ഒട്ടമെന്‍ഡിക്കെതിരെ റഫറി പെനാല്‍റ്റി വിധിച്ചു. എണ്‍പതാം മിനിറ്റില്‍ കിക്കെടുത്ത എംബാപ്പെ ലക്ഷ്യം കണ്ടു. ഗോളിന്റെ ഞെട്ടലില്‍ പകച്ച അര്‍ജന്റീനയുടെ പതര്‍ച്ച മുതലെടുത്ത് എണ്‍പത്തിയൊന്നാം മിനിറ്റില്‍ എംബാപ്പെ ഫ്രാന്‍സിന്റെ രണ്ടാം ഗോള്‍ കണ്ടെത്തി.

നിമിഷങ്ങള്‍ കൊണ്ട് ഭാഗധേയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍, അധിക സമയത്ത് മെസിയും പെനാല്‍റ്റിയിലൂടെ ഹാട്രിക് കണ്ടെത്തിയ എംബാപ്പെയും ഇഞ്ചോടിഞ്ച് പൊരുതിയപ്പോള്‍ മത്സരം 3-3 എന്ന സ്കോറില്‍ തുല്യത പാലിച്ചു. ഇതോടെ ഫൈനല്‍ മത്സരം ഷൂട്ടൗട്ടിന്റെ ആരവങ്ങളിലേക്ക് കടക്കുകയായിരുന്നു.

ഇരു ഗോള്‍ കീപ്പര്‍മാരുടെയും മികവ് ഒപ്പത്തിനൊപ്പം നിന്ന ഷൂട്ടൗട്ടില്‍ അര്‍ജന്റീനക്ക് വേണ്ടി മെസിയും ഡിബാലയും പരെദേസും മോണ്ടിയെലും കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍, കോമാനും ചൗമേനിയും കിക്കുകള്‍ പാഴാക്കിയത് ഫ്രാന്‍സിന് തിരിച്ചടിയായി. എംബാപ്പെയും കൊലോമുവാനിയും ഫ്രാന്‍സിന് വേണ്ടി കിക്കുകള്‍ ലക്ഷ്യത്തിലെത്തിച്ചു.

spot_img

Related Articles

Latest news