തിരുവള്ളൂർ ചാനിയംകടവിൽ രാഷ്ട്രീയ സംഘർഷം: മൂന്ന് പേർക്ക് വെട്ടേറ്റു

വടകര: തിരുവള്ളൂർ ചാനിയംകടവിൽ സി.പി.എം – മുസ്ലിം ലീഗ് പ്രവർത്തകർ തമ്മിലുണ്ടായ രാഷ്ട്രീയ സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. പരിക്കേറ്റവർ വടകരയിലെയും കോഴിക്കോട്ടെയും വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

ആദ്യം സി.പി.എം പ്രവർത്തകനായ ചാനിയംകടവ് കൊടക്കാട്ട് ശ്രീജിത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഒരു സംഘം ആളുകൾ ശ്രീജിത്തിനെ മർദിക്കുകയായിരുന്നുവെന്ന് പറയപ്പെടുന്നു. ഇദ്ദേഹത്തെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുസ്ലിം ലീഗ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു.ഈ സംഭവത്തിന് പിന്നാലെ പ്രദേശത്ത് വ്യാപകമായ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. തുടർന്നുണ്ടായ അക്രമത്തിൽ മുസ്ലിം ലീഗ് പ്രവർത്തകരായ ചാത്തൻമണ്ണിൽ ഇക്ബാൽ, താഴെ കുറ്റിക്കാട്ടിൽ യൂസഫ് എന്നിവർക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ യൂസഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, ഇക്ബാലിനെ വടകര സി.എം ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.

അക്രമികൾ ഇക്ബാലിന്റെ ഉടമസ്ഥതയിലുള്ള കട അടിച്ചുതകർക്കുകയും യൂസഫിന്റെ പണം, മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ എന്നിവ അപഹരിക്കുകയും ചെയ്തതായി ലീഗ് പ്രാദേശിക നേതൃത്വം പരാതിപ്പെട്ടു. സി.പി.എം അനുഭാവികളാണ് അക്രമത്തിന് പിന്നിലെന്ന് ഇവർ ആരോപിച്ചു. നേരത്തെ തിരഞ്ഞെടുപ്പ് വേളയിലും പ്രദേശത്ത് സമാനമായ രീതിയിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ നിലനിന്നിരുന്നു.

സംഭവത്തെത്തുടർന്ന് ചാനിയംകടവിലും പരിസര പ്രദേശങ്ങളിലും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായി വടകര പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അക്രമ സംഭവങ്ങളിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

spot_img

Related Articles

Latest news