സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പെണ്‍കുട്ടികളെ കബളിപ്പിക്കുന്ന ദമ്പതികള്‍ അറസ്റ്റില്‍

കൊച്ചി: സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു പെണ്‍കുട്ടികളെ കബളിപ്പിച്ച്‌ പണവും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുന്ന ദമ്പതികള്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ എരൂരില്‍ വാടകയ്ക്കു താമസിക്കുന്ന വൈക്കം ചെമ്പ് സ്വദേശി മ്യാലില്‍ വീട്ടില്‍ എം.എസ്. ഗോകുല്‍ എന്ന ഉണ്ണി (26), ഭാര്യ കട്ടപ്പന ഉടുമ്പഞ്ചോല സ്വദേശിനി ആതിര പ്രസാദ് എന്ന അമ്മു (27) എന്നിവരാണ് അറസ്റ്റിലായത്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടികളെ വിളിച്ചു വരുത്തിയ ശേഷം ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏല്‍പ്പിച്ചും പണവും സ്വര്‍ണാഭരണവും തട്ടുന്നതാണ് ഇവരുടെ രീതി. പെണ്‍കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ അറസ്റ്റിലായത്.

13ന് കലൂര്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനടുത്ത് കാറിലെത്തിയ പ്രതികള്‍ സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി ഒരു പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ചു വരുത്തി. തുടര്‍ന്നു ബലമായി കാറില്‍ കയറ്റി മുഖത്തു മുളക് സ്‌പ്രേ അടിക്കുമെന്നു ഭീഷണിപ്പെടുത്തി പെണ്‍കുട്ടി അണിഞ്ഞിരുന്ന ഒന്നേകാല്‍ പവന്റെ സ്വര്‍ണമാലയും ബാഗില്‍ ഉണ്ടായിരുന്ന 20,000 രൂപയും കവര്‍ന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ പാലാരിവട്ടത്തിന് സമീപം ആളില്ലാത്ത സ്ഥലത്ത് ഇറക്കി വിട്ടു.

അതേ ദിവസം മറ്റൊരു പെണ്‍കുട്ടിയും ഇവരുടെ തട്ടിപ്പിന് ഇരയായതായും പൊലീസിനു വിവരം ലഭിച്ചു. വൈറ്റില ഹബ്ബില്‍ നിന്നു മറ്റൊരു പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീഷണിപ്പെടുത്തി ബാഗിലുണ്ടായിരുന്ന 20,000 രൂപ കവരുകയുമായിരുന്നു. ഈ പെണ്‍കുട്ടിയെയും റോഡില്‍ ഉപേക്ഷിച്ചു.

spot_img

Related Articles

Latest news