തിരുവനന്തപുരം: നെടുമങ്ങാട് പനവൂരില്‍ ഒന്നര വയസുകാരന്‍ അര്‍ഷിതിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി അഷ്‌കര്‍ കൊടുംക്രൂരനാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി.ആദ്യഭാര്യയായ ആമിനയെ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ച് അബോധനിലയിലാക്കിയ സംഭവവും അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും ചര്‍ച്ചയാകുകയാണ്. ചുവരിലും ക്ലോസറ്റിലുമടക്കം തല ഇടിപ്പിച്ച് മര്‍ദിച്ചിരുന്നുവെന്നാണ് ബന്ധുക്കളുടെ ആരോപണം. ദീര്‍ഘനാള്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ ആമിനയ്ക്ക് ഓര്‍മ തിരികെ ലഭിച്ചെങ്കിലും സംസാരശേഷി വീണ്ടെടുക്കാനായിട്ടില്ല. ഇപ്പോള്‍ ഇവര്‍ മെഡിക്കല്‍ കോളജ് റിഹാബിലിറ്റേഷന്‍ സെന്ററില്‍ ചികിത്സയിലാണ്.
തന്റെയും അഖിലയുടെയും ജീവിതത്തില്‍ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് അര്‍ഷിതിനെ കൊല്ലാന്‍ തീരുമാനിച്ചതെന്ന് അഷ്‌കര്‍ പോലീസിന് മൊഴി നല്‍കിയെന്നാണ് വിവരം. കുഞ്ഞിന്റെ കരച്ചില്‍ പുറത്തുകേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകിയാണ് മര്‍ദിച്ചിരുന്നത്.
അഖില വീട്ടിലില്ലാതിരുന്ന സമയത്ത് കുഞ്ഞ് കരഞ്ഞപ്പോള്‍ തലയ്ക്ക് അടിച്ചുവെന്നാണ് മൊഴി. ബോധം നഷ്ടമായ കുഞ്ഞ് മരിച്ചെന്ന് ഉറപ്പിച്ചശേഷം ചോറ് തൊണ്ടയില്‍ കുടുങ്ങിയെന്നു പറഞ്ഞ് ആശുപത്രിയിലെത്തിച്ചു. അതിന് മുമ്പ് വീടും പരിസരവും വൃത്തിയാക്കി തെളിവുകള്‍ നശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ അഷ്‌കറിനെ തെളിവെടുപ്പിനായി കരിക്കുഴിയിലെ വീട്ടിലെത്തിച്ചപ്പോള്‍ കുഞ്ഞിനെ ഉപദ്രവിച്ചതടക്കമുള്ള കാര്യങ്ങള്‍ ഭാവഭേദമില്ലാതെ പോലീസിനോട് വിവരിച്ചു. നാലുവര്‍ഷം മുമ്പാണ് പനവൂര്‍ സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവര്‍ അഷ്‌കര്‍ പാലോട് സ്വദേശിനി ആമിനയെ വിവാഹം കഴിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നു പരിചയം. സ്ത്രീധനത്തിന്റെയും വീടിന്റെയും പേരില്‍ നിരന്തരം മര്‍ദിച്ചിരുന്നുവെന്നും നെടുമങ്ങാട് പോലീസില്‍ പലതവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്നും ആമിനയുടെ മാതാവ് ആരോപിച്ചു.
പിന്നീട് മറ്റു യുവതികളുമായി ബന്ധം സ്ഥാപിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയെന്ന ആരോപണവും ഉയര്‍ന്നു. അതിനുശേഷമാണ് അഖിലയുമായി അടുപ്പത്തിലായത്. നൃത്ത പരിപാടികള്‍ക്കു പോകുന്ന അഖില മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് അഖില്‍ ആത്മഹത്യ ചെയ്തിരുന്നു. തുടര്‍ന്ന് അഷ്‌കറും അഖിലയും കരിക്കുഴിയില്‍ വാടകവീട്ടില്‍ താമസം ആരംഭിക്കുകയായിരുന്നു. അഷ്‌കര്‍ കുഞ്ഞിനെ സ്ഥിരമായി ഉപദ്രവിച്ചിരുന്നതായി അഖിലയുടെ പിതാവ് സുനില്‍കുമാര്‍ പറഞ്ഞു.
അഖില നൃത്തപരിപാടികള്‍ക്ക് പോകുന്നതിനാല്‍ കുഞ്ഞിനെ നോക്കാന്‍ കഴിയില്ലെന്നും അമ്മത്തൊട്ടിലില്‍ ഏല്‍പ്പിക്കാന്‍ ആലോചിക്കുന്നുവെന്നുമാണ് ഡാന്‍സ് ട്രൂപ്പിലെ അധ്യാപിക അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടിയെ തങ്ങള്‍ക്ക് വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ഇതിനായി നിയമനടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും സുനില്‍കുമാര്‍ പറഞ്ഞു.

