കൊല്ലം: ഏകമകള്‍ ആണ്‍സുഹൃത്തിന്റെ ഒപ്പം ഇറങ്ങിപ്പോയതിന്റെ മനോവിഷമത്തില്‍ മാതാപിതാക്കള്‍ ജീവനൊടുക്കി. കൊല്ലത്താണ് ദാരുണ സംഭവം ഉണ്ടായത്.പാവുമ്പ സ്വദേശി സൈനികനായ ഉണ്ണികൃഷ്ണപിള്ള (52) ഭാര്യ ബിന്ദു (48) എന്നിവരാണ് അമിതമായി ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കിയത്.ഇരുവരെയും പുറത്തുകാണാത്തതിനെ തുടർന്ന് പ്രദേശവാസികള്‍ വീട്ടിലെത്തി നോക്കിയപ്പോഴാണ് കിടപ്പുമുറിയില്‍ ഇവരെ അവശനിലയില്‍ കണ്ടത്. ഇതോടെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തി അല്‍പ്പനേരത്തിനുള്ളില്‍ തന്നെ ബിന്ദു മരിച്ചു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് ഉണ്ണികൃഷ്ണൻ മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും.
കഴിഞ്ഞ ദിവസമാണ് ഇവരുടെ ഏകമകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയത്. ഇതിന് പിന്നാലെ വലിയ മനോവിഷമത്തിലായിരുന്നു ഇരുവരുമെന്ന് ബന്ധുക്കള്‍ പറയുന്നു. ഇവരുടെ കിടപ്പുമുറിയ്‌ക്കുള്ളില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. മകളെ മൃതദേഹങ്ങള്‍ കാണിക്കരുതെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ ഉള്ളത്.
വൃക്കരോഗിയാണ് ഉണ്ണികൃഷ്ണ പിള്ള. എയർഫോഴ്‌സ് ഉദ്യോഗസ്ഥനായ അദ്ദേഹം അവധിയ്‌ക്ക് നാട്ടില്‍ എത്തിയതായിരുന്നു. ബിന്ദുവുമൊത്ത് തിരികെ ജോലി സ്ഥലത്തേക്ക് പോകാനിരിക്കെ ആയിരുന്നു മകള്‍ ആണ്‍സുഹൃത്തിനൊപ്പം പോയത്.