കൊച്ചി: മുൻ മുഖ്യമന്ത്രി പിണറായി വിജയൻറെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് സംശയം.സംഭവത്തില്‍ ഗൂഗലോചന ഉണ്ടായോ എന്ന കാര്യം എസ്ഐടി അന്വേഷിക്കും. ആക്രമണം ആസൂത്രിതമാണെന്നാണ് ഇഡി ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കും. ഇവരുടെ മൊബൈല്‍ സന്ദേശങ്ങളും പരിശോധിക്കും. ആക്രമണത്തിന് പ്രേരിപ്പിക്കുന്ന കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കും പിന്നിലുള്ളവരെ പിടികൂടും. ഇതില്‍ നേതാക്കള്‍ പ്രവർത്തകർ എന്ന വ്യത്യാസമുണ്ടാകില്ലെന്നും ആരായാലും അറസ്റ്റ് ചെയ്യുമെന്നും പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.
അതേസമയം, ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ സിപിഎം ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം ശക്തമാക്കിയിരിക്കുകയാണ് എസ്ഐടി. പ്രത്യേക അന്വേഷണ സംഘം കൊച്ചിയിലെത്തി ഇഡി ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തു. പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നതിന് വേണ്ടിയുള്ള സേർച്ച് വാറന്റ് അടക്കമുള്ള രേഖകള്‍ അന്വേഷണ സംഘം ശേഖരിച്ചു. അസിസ്റ്റന്റ് ഡയറക്ടർ സനിത് റെഡി അടക്കം 7 പേരുടെ മൊഴിയാണ് എസ്ഐടി എടുത്തത്. വീടായ വിജയൻറെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ മൊഴിയുമെടുത്തു. ആക്രമണം ആസൂത്രിതമെന്നാണ് ഉദ്യോഗസ്ഥരുടെ മൊഴി. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ഇഡി ഉദ്യോഗസ്ഥർ മൊഴി നല്കി. നിലവില്‍ 26 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവർ എല്ലാം നേരിട്ട് അക്രമത്തില്‍ പങ്കെടുത്തവരാണ്. ദൃശ്യങ്ങളില്‍ നിന്ന് മൊത്തം 46 പേരെയാണ് തിരിച്ചറിഞ്ഞത്. ബാക്കി ഉള്ളവരെയും ഉടൻ പിടികൂടും.
കേസില്‍ ഇതുവരെ താഴെ തട്ടിലെ സിപിഎം പ്രവര്‍ത്തകര്‍ മാത്രമാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സെക്രട്ടറി അടക്കമുള്ള നേതാക്കളും എംപിമാരും എംഎല്‍എമാരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നുവെന്നും, അക്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളില്‍ ഇവര്‍ക്കും പങ്കുണ്ടെന്നുമാണ് ഇഡി ഉദ്യോഗസ്ഥർ പറയുന്നത്. ഇപ്പോള്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ സെഷന്‍സ് കോടതിയില്‍ വരുമ്പോള്‍ കക്ഷി ചേരാനാണ് ഇഡിയുടെ നീക്കം. ഇതിന് മുൻപായി അക്രമവുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ ശേഖരിക്കുന്നതടക്കമുളള നടപടികള്‍ ഇഡി ആരംഭിച്ചിട്ടുണ്ട്.

