റിയാദ്: സൗദിയില്‍ നിന്ന് റീഎൻട്രി വിസയില്‍ പോയി മടങ്ങാത്തവര്‍ക്കുള്ള മൂന്ന് വര്‍ഷ പ്രവേശന വിലക്ക് നീക്കിയെന്ന് റിപ്പോര്‍ട്ട്.സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസത്ത്) വൃത്തങ്ങളില്‍ നിന്ന് അറിവായതെന്ന നിലയില്‍ പ്രാദേശിക പത്രം അല്‍വത്വൻ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
സൗദിയില്‍ തൊഴില്‍ വിസയിലെത്തിയ ശേഷം എക്സിറ്റ് റീഎൻട്രി വിസയില്‍ പുറത്തുപോയി വിസയുടെ കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തവര്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവേശന വിലക്കുണ്ട്. അതൊഴിവാക്കി എന്നാണ് റിപ്പോര്‍ട്ട്. രാജ്യത്തെ വിവിധ മേഖലകളിലെ കര, വ്യോമ, കടല്‍ പ്രവേശന കവാടങ്ങളിലെ പാസ്പോര്‍ട്ട് ഓഫീസുകളെ ഇത് സംബന്ധിച്ച് വിവരമറിയിച്ചതായി പാസ്പോര്‍ട്ട് വകുപ്പിനെ ഉദ്ധരിച്ച് അല്‍വത്വൻ പത്രവാര്‍ത്തയില്‍ പറയുന്നു. ചൊവ്വാഴ്ച മുതല്‍ ഈ നിരോധം റദ്ദാക്കാൻ ആവശ്യപ്പെട്ട് എല്ലാവകുപ്പുകളെയും പ്രവേശന കവാടങ്ങളെയും ഇത് സംബന്ധിച്ച് വിവരം അറിയിച്ചതായും പറയുന്നു.