പഴക്കം ചെന്ന വാഹനങ്ങളുടെ കാര്യത്തിൽ ‘തീരുമാനം’ ആയി

ഡൽഹി: അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനും പ്രകൃതി സൗഹാര്‍ദ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസിക്ക്‌ അടിവരയിട്ട് കേന്ദ്ര ബജറ്റ്. സ്വകാര്യ വാഹനങ്ങള്‍ക്ക് 20 വര്‍ഷവും വാണിജ്യ വാഹനങ്ങള്‍ക്ക 15 വര്‍ഷവും ആയുസ്സ് നിശ്ചയിച്ച് പൊളിക്കാന്‍ നിര്‍ദേശിക്കുന്നതാണ് കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിട്ടുള്ള വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി.

പഴക്കം ചെന്നതും പ്രവര്‍ത്തന യോഗ്യമല്ലാത്തതുമായി വാഹനങ്ങള്‍ പൊളിക്കുന്നതിനും, ഇതിന് പകരമായി കൂടുതല്‍ ഇന്ധനക്ഷമത ഉറപ്പാക്കുന്നതും പ്രകൃതി സൗഹാര്‍ദ ഇന്ധനങ്ങള്‍ ഉപയോഗിക്കുന്നതുമായ വാഹനങ്ങള്‍ നിരത്തുകളില്‍ എത്തിക്കുകയുമാണ് സ്‌ക്രാപ്പിങ്ങ് പോളിസിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. പഴയ വാഹനങ്ങള്‍ നിരത്തൊഴിയുന്നതോടെ വാഹനം മൂലമുള്ള മലിനീകരണം കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കും. ഈ പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും പഴയ വാഹനങ്ങള്‍ പൊളിക്കുക. സ്‌ക്രാപ്പിങ്ങ് പോളിസി സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഇതുമായി ബന്ധപ്പെട്ട മന്ത്രാലത്തിന് നല്‍കിയിട്ടുണ്ടെന്നും ധനമന്ത്രി നിര്‍മല സീതാരാന്‍ ബജറ്റ് അവതരണത്തില്‍ അറിയിച്ചു.

ഇന്ത്യയില്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതിന്റെ ആദ്യ പടിയായി 2022 ഏപ്രില്‍ ഒന്നിന് 15 വര്‍ഷം പഴക്കമെത്തിയ സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ പൊളിച്ച് നീക്കണമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് ഈ നിര്‍ദേശം ബാധകമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.

വാഹനം മൂലമുള്ള മലിനീകരണം തടയുന്നതിനും ഇന്ത്യയെ വാഹന ഹബ്ബാക്കി മാറ്റുന്നതിന്റെയും ഭാഗമായാണ് വെഹിക്കിള്‍ സ്‌ക്രാപ്പിങ്ങ് പോളിസി നടപ്പാക്കുന്നതെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഇതിനുപുറമെ, ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നിര്‍ദേശം സഹായിക്കുമെന്നും ഗതാഗത മന്ത്രാലയം വിലയിരുത്തുന്നു. സ്‌ക്രാപ്പിങ്ങ് പോളിസിയിലൂടെ വാഹന വിപണിയിലെ വരുമാനം 4.5 ലക്ഷം കോടിയായി ഉയരുമെന്നാണ് കണക്കാക്കുന്നത്.

spot_img

Related Articles

Latest news