കോട്ടയം: കൊവിഡ് നിയന്ത്രണങ്ങള്‍ മാറി ജനുവരിയില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതോടെ കാനഡയും യു.കെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് ഉന്നത പഠനത്തിനും ജോലിക്കും സാഹചര്യം അനുകൂലമായി.ജില്ലയില്‍ ഐ.ഇ.എല്‍.ടി.എസ്, ഒ.ഇ. ടി കോഴ്സുകള്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളില്‍ തിരക്കും കൂടി. പഠനം കഴിഞ്ഞാലും രണ്ട് വര്‍ഷം കൂടി താമസിക്കാന്‍ വിസ ലഭിക്കുന്നതും ശേഷം തൊഴില്‍ സാദ്ധ്യതയുമാണ് മറ്റ് വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കാനഡയുടെ പ്രധാന ആകര്‍ഷണം. അതിനാല്‍ ഇവിടെ ഉന്നത പഠനത്തിന് പ്രവേശനം നേടുന്നവരുടെ എണ്ണം കൂടുതലാണ്.ജനുവരി മുതല്‍ കാനഡയിലെ സര്‍വകലാശാലകളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കും. ഈ മാസം നിരവധിപ്പേരാണ് ജില്ലയില്‍ നിന്ന് കടല്‍കടക്കുന്നത്. ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കാണ് അവസരമുള്ളത്.
പഠനത്തിനൊപ്പം ജോലി
പാര്‍ട്ട് ടൈം ജോലി ചെയ്ത് പഠനത്തിനും മറ്റ് ചെലവുകള്‍ക്കുമുള്ള പണം കണ്ടെത്താം. ഹോസ്റ്റല്‍ ഫീസും മറ്റ് ചെലവുകളും ചിലപ്പോള്‍ വീട്ടിലേയ്ക്ക് നിശ്ചിത തുകയും നല്‍കാനാവും. പഠനത്തിനു ശേഷം സ്ഥിരം ജോലിയും. കാനഡ, യു.കെ. തുടങ്ങിയ രാജ്യങ്ങളില്‍ പഠനമെന്നത് ജില്ലയില്‍ പുതുതലമുറയില്‍ ട്രെന്‍ഡായി മാറി. ഭൂരിഭാഗം പേരും വിദ്യാഭ്യാസ ലോണെടുത്താണ് പോകുന്നത്.