‘ഗുൽമോഹറിതളുകൾ’ വിരിയുമ്പോൾ

By : റിയാസ് അബ്ദുല്ല

പ്രവാസി എഴുത്തുകാരിയായ കമർബാനു വലിയകത്തിൻ്റെ കൃതികൾ ഒരോ സാധാരണക്കാരനും അഭിമുഖീകരിക്കുന്ന ഓരോ നിമിഷങ്ങളും സാധാരണക്കാരൻ്റെ ഭാഷയിൽ ശ്രോതാക്കളിലേക്കിറങ്ങിച്ചെന്ന് സ്വാധീനിക്കാൻ കഴിവുള്ളതാണ്. അത്തരത്തിലുള്ള ഒരു കൃതിയാണ് ഹരിതം ബുക്സ് റിയാദ് ഇൻ്റർനാഷണൽ ബുക്ക് ഫെയറിൽ ഇന്ന് പ്രകാശനം ചെയ്യാൻ പോകുന്ന ‘ഗുൽമോഹറിതളുകൾ’. ഇരുന്നൂറിലധികം കൃതികളിൽ നിന്ന് തെരഞ്ഞെടുത്ത 28 കവിതകളാണ് ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സ്വന്തം തറവാട് വീടിനടുത്തെ ഗുൽമോഹർ മരത്തിൽ നിന്നടർന്ന് വീഴുന്ന പൂക്കൾ പുതച്ച ഇടവഴിയിലെ ചുവപ്പിൻ്റെ ഓർമ്മകളിൽ നിന്നാണ് കമർ ബാനു എന്ന എഴുത്തുകാരിയുടെ അക്ഷരത്തോടുള്ള പ്രണയം ആരംഭിക്കുന്നത്.

വിവാഹം കഴിഞ്ഞ് തറവാട് വിട്ടു പോരുമ്പോഴും, ഇടവഴിയിലെ ഗുൽമോഹർ പൂക്കളുടെ കൺകുളിർമയേകുന്ന കാഴ്ച്ച കണ്ണിൽ നിന്നകന്നെങ്കിലും, ഓർമ്മച്ചെപ്പിലെ മധുര നിമിഷങ്ങൾ പൂത്ത് തളിർത്തു കവിതയായ് പൊഴിഞ്ഞ് ഗുൽമോഹർ മരത്തിൻ ചുവട്ടിലേക്കെത്തിക്കുകയാണ്.

Kamarbanu
Kamarbanu Valiyakath

പൂക്കൾ അടർന്ന് വീഴുമ്പോൾ ശിഖരങ്ങൾക്കുണ്ടാകുന്ന വിരഹം, എല്ലാമുണ്ടായിട്ടും ഒന്നുമില്ലാത്തപോലെ ആർക്കും വേണ്ടാതെ മണ്ണോട് ചേർന്ന് ചവിട്ടിയരക്കപ്പെട്ട് ഇല്ലാതെയാവുന്ന സ്വപ്നങ്ങളുടെ അസ്തമയങ്ങൾ എല്ലാം തൻ്റെ എഴുത്തുകളിലൂടെ ആശയ വിനിമയം നടത്തുകയാണ് ഈ കവിതയിൽ. ജീവിതം ഗുൽമോഹർ പൂക്കളെ പോലെയെന്ന് കവയിത്രി പറയാതെ പറയുന്നു.

ഒരു ചട്ടക്കൂടിനുള്ളിൽ ഒതുങ്ങി കവിതകൾക്ക് ഒരേ സ്വഭാവം നൽകാതെ തൻ്റെ ജീവിത നിമിഷങ്ങളെ അക്ഷരത്തെക്കൂട്ട് പിടിച്ച് സന്തോഷങ്ങളും ദുഃഖങ്ങളും സ്വപ്നങ്ങളും ആകുലതകളും, വിഷയവൈവിധ്യങ്ങളിലൂടെവായനക്കാർക്ക് മുൻപിൽ അവതരിപ്പിക്കുന്നതോടൊപ്പം സമകാലിക പ്രസക്തിയുള്ള വിഷയങ്ങളടക്കം കൈകാര്യം ചെയ്തിട്ടുണ്ട് എന്നതും എടുത്തു പറയേണ്ട പ്രത്യേകതയാണ്.

തൻ്റെ ഇഷ്ടങ്ങളും വേവലാതികളും പ്രതിഷേധങ്ങളും രചനയായി പിറവിയെടുക്കുന്നു എന്നത് കൊണ്ട് തന്നെ എല്ലാം താൻ ഇടപെടുന്ന സമൂഹത്തിൻ്റെ കൂടി അനുഭവങ്ങളാണ് തൻ്റെ എഴുത്തിലൂടെ പ്രതിധ്വനിക്കുന്നതെന്ന് കവിയത്രി പറയുന്നു.

എഴുതുന്ന കൃതികൾ ദിനപ്പത്രങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും പുറം ലോകം കാണുമ്പോൾ അഭിനന്ദനങ്ങളും പ്രോത്സാഹനവുമായി എത്തുന്ന കുടുംബത്തിൻ്റെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിലാണ് കവിതകൾ പുസ്തക രൂപത്തിലാക്കി പ്രസിദ്ധീകരിക്കാൻ തീരുമാനിക്കുന്നത്.

പിതാവിൻ്റെ വായനാകമ്പവും സഹോദരിയുടെ എഴുത്തിലൂടെയുള്ള യാത്രയും തന്നെയും എഴുത്തിൻ്റെ ലോകത്തെത്തിക്കാൻ സ്വാധീനിച്ചു. എന്നാൽ അവരൊന്നും തന്നെ സാഹിത്യമേഖലയിൽ അടയാളപ്പെട്ടിട്ടില്ല.

സൗദിയിലെ ദിനപത്രമായ മലയാളം ന്യൂസും അതിൻ്റെ എഡിറ്റർ മുസാഫിറും നൽകിയ പ്രോത്സാഹനവും എഴുത്തിൻ്റെ ലോകത്തേക്കെത്താനുള്ള ആക്കം കൂട്ടിയെന്ന് കവയിത്രി സ്മരിക്കുന്നു.

ജീവിതാനുഭവങ്ങളിൽ നിന്നടർത്തിയെടുക്കുന്ന കവിതകൾക്കൊപ്പം അത് പിറന്ന  സന്ദർഭങ്ങളും കുറിച്ചിട്ടിരിക്കുന്നു എന്നതും ഈ പുസ്തകത്തിന് മാറ്റ് കൂട്ടുന്നു.

സൗദി അറേബ്യയിലെ റിയാദിലെ കലാ സാംസ്കാരിക സാമൂഹിക മേഖലകളിൽ നിറഞ്ഞ് നിൽക്കുന്ന കമർ ബാനു വലിയകത്ത് റിയാദ് ഇന്റർ നാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂൾ അധ്യാപികയായിരുന്നു. പാലക്കാട് സ്വദേശിയായ വലിയകത്ത് കുഞ്ഞിമോൻ്റെയും കദീജയുടെയും മകളാണ്. ഭർത്താവ് അബ്ദുൾ സലാം റിയാദിലെ മെഡ് ഗൾഫ് ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.

നിയതമായ ചട്ടക്കൂടുകൾ തനിക്ക് ബാധകമല്ല എന്ന ബോധ്യത്തിലൂടെയാവണം കമർബാനു വലിയകത്തിൻ്റെ സാഹിത്യപർവ്വത്തിലുടെയുള്ള പ്രയാണം. വിഷയ സ്വീകരണത്തിൽ ഗുൽമോഹറിതളുകൾ പുലർത്തുന്ന വൈവിധ്യം സവിശേഷമാണ്. മരണം മുതൽ പ്രവാസം വരെ, കേരളപ്പിറവി മുതൽ വടക്കെ ഇന്ത്യയിലെ കർഷക സമരങ്ങൾ വരെ, കോവിഡ് എന്ന മഹാമാരി മുതൽ മാധവിക്കുട്ടി വരെ ഇങ്ങനെ പോകുന്നു ആ വൈവിധ്യം.

പ്രവാസി മാധ്യമ പ്രവർത്തകനായ റിയാസ് അബ്ദുള്ള റിയാദിൽ സ്വകാര്യ സ്ഥാപനത്തിൽ ഉദ്യോഗസ്ഥനാണ്. മലപ്പുറം വണ്ടൂർ സ്വദേശിയായ റിയാസ് ആനുകാലികങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതാറുണ്ട്.

 

 

spot_img

Related Articles

Latest news