എസ്യുവി നിര്‍മിച്ചത് വനിത ജീവനക്കാര്‍
ജനപ്രിയ മോഡലായ ഹെക്ടറിന്റെ ഉത്പാദനം 50,000 യൂണിറ്റ് പിന്നിട്ടതായി എംജി മോട്ടോര്‍. എംജി മോട്ടോര്‍ വനിത ജീവനക്കാരാണ് ഗുജറാത്തിലെ വഡോദരയിലെ ബ്രാന്‍ഡിന്റെ പ്ലാന്റില്‍ നിന്ന് നാഴികക്കല്ലായ എസ്യുവി നിര്‍മ്മിച്ചിരിക്കുന്നത്. വനിതാ ജീവനക്കാരാണ് ആദ്യം മുതല്‍ അവസാനം വരെ ഉല്പാദനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത്.
കമ്പനി ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. വെല്‍ഡിംഗ്, ഷീറ്റ് മെറ്റല്‍, പെയിന്റിംഗ് ജോലികള്‍, പ്രൊഡക്ഷന്‍-പോസ്റ്റ് ടെസ്റ്റ് റണ്‍സ് എന്നിവ ഉള്‍പ്പടെ എല്ലാം ചെയ്തിരിക്കുന്നത് വനിതാ ജീവനക്കാര്‍ തന്നെയാണെന്നാണ് എംജി പറയുന്നത്. വിവിധ വര്‍ക്ക്ഷോപ്പുകള്‍ക്കായി ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിള്‍സ് (AGV), റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (RPA) എന്നിവ നിര്‍മാണശാലയില്‍ ഉണ്ട്. എല്ലാ വകുപ്പുകളിലും വനിതാ തൊഴിലാളികള്‍ സജീവമാണെന്ന് കമ്പനി പറയുന്നു.
“ഒരു പുരോഗമന ബ്രാന്‍ഡാണ് എംജി . തങ്ങളുടെ സംഘടനയില്‍ 50 ശതമാനം ലിംഗവൈവിധ്യം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. മാത്രമല്ല, വിവിധ സംരംഭങ്ങളിലൂടെ നിരവധി വനിതാ സഹകാരികളെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിയമിച്ചിട്ടുണ്ട്,” സംഭവത്തെക്കുറിച്ച് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ പറയുന്നു.