ന്യൂയോര്‍ക്ക് : ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാഹനം തിരിച്ചുവിളിക്കല്‍ നടപടിയിലേക്കാണ് ഇപ്പോള്‍ ഫോര്‍ഡ് കടക്കുന്നത്. എയര്‍ബാഗ് സുരക്ഷയുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ നടപടി. അമേരിക്കയിലെ നാഷണല്‍ ഹൈവേ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിനെ തുടര്‍ന്നാണ് ഭീമമായ പണച്ചെലവുള്ള ഈ നടപടിയ്ക്ക് ഫോര്‍ഡ് വിധേയമാകുന്നത്.
എയര്‍ബാഗ് വിഷയത്തില്‍ മുപ്പത് ലക്ഷം വാഹനങ്ങളാണ് ഫോര്‍ഡ് മോട്ടോര്‍ കമ്ബനി തിരിച്ചുവിളിക്കാന്‍ പോകുന്നത്. 610 ദശലക്ഷം ഡോളര്‍ ആണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ 4,450 കോടി രൂപ.
അപൂര്‍വ്വമായെങ്കിലും എയര്‍ബാഗ് ഇന്‍ഫ്‌ലേറ്ററുകള്‍ കീറുകയും ലോഹശകലങ്ങള്‍ പുറത്തേക്ക് തെറിക്കുകയും ചെയ്യും എന്നതാണ് പ്രശ്‌നം. അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാഹനം തിരിച്ചുവിളിക്കല്‍ നടപടിയിലേക്കും ഇത് നയിച്ചിരുന്നു. 67 ദശലക്ഷം എയര്‍ബാഗ് ഇന്‍ഫ്‌ലേറ്ററുകളാണ് ഇത്തരത്തില്‍ തിരിച്ചുവിളിക്കപ്പെട്ടത്.