റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിനെ ലക്ഷ്യമിട്ട് യമനിലെ ഹൂതികള്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോർട്ട്.ചെങ്കടല്‍ തീരത്തെ യൻബു തുറമുഖം, തായിഫ്, ബൈഷ്, ഫറസാൻ എന്നിവിടങ്ങളിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണശ്രമങ്ങള്‍ തടഞ്ഞതായി സൗദി സഖ്യസേന അറിയിച്ചു. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം രൂക്ഷമായതിന് പിന്നാലെ റിയാദിനെ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആദ്യത്തെ ആക്രമണമാണിതെന്നാണ് റിപ്പോർട്ട്.
അതേസമയം, റിയാദിലെ പ്രധാന കേന്ദ്രങ്ങളും സൗദി എണ്ണക്കമ്പനിയായ അരാംകോയുടെ യാൻബുവിലെ സ്ഥാപനങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഹൂതികള്‍ അവകാശപ്പെട്ടു. ഇവിടെനിന്നും പുക ഉയരുന്നതിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ വലിയ തീപിടിത്തമുണ്ടായെന്ന് ഹൂതി സൈനിക വക്താവ് ബ്രിഗേഡിയർ ജനറല്‍ യഹ്യ സരീ പറഞ്ഞു. സൗദി സേന യെമൻ തലസ്ഥാനമായ സനയില്‍ ആക്രമണം നടത്താൻ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ഹൂതികള്‍ സൗദിയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയിരുന്നു.
റിയാദില്‍ ഉള്‍പ്പെടെ സൗദി അറേബ്യയില്‍ ഹൂതികളുടെ ആക്രമണം ശക്തമായ സാഹചര്യത്തില്‍ നഗരത്തിന് സമീപം അപകടസാധ്യതയുണ്ടാകാമെന്ന് സൗദി അധികൃതർ രാത്രിയില്‍ ജാഗ്രതാ നിർദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. റിയാദിലും തലസ്ഥാനത്തിന് കിഴക്കുള്ള അല്‍ ഖർജിലും വ്യോമാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് സൗദി സിവില്‍ ഡിഫൻസ് രാത്രിയില്‍ മൊബൈല്‍ ഫോണുകളിലേക്ക് സന്ദേശമായി അയച്ചിരുന്നു. ശനിയാഴ്ച രാവിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അറിയിച്ച് മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്. മുന്നറിയിപ്പ് പിൻവലിക്കുന്നതിന് മുമ്പ് റിയാദിലെ ഒലയ മേഖലയില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.
ബുധനാഴ്‌ച മക്കയെ ലക്ഷ്യമിട്ടെത്തിയ ഹൂതി ഡ്രോണ്‍ സൗദി സേന തടഞ്ഞു. വ്യാഴാഴ്‌ച തടഞ്ഞ ഡ്രോണിന്റെ അവശിഷ്‌ടങ്ങള്‍ പതിച്ച് സൗദിയില്‍ താമസിച്ചിരുന്ന യെമൻ പൗരൻ കൊല്ലപ്പെട്ടതായും സൗദി സിവില്‍ ഡിഫൻസ് അറിയിച്ചു.അതിനിടെ, യെമനിലും പോരാട്ടം ശക്തമാകുന്നതായാണ് റിപ്പോർട്ട്. ചെങ്കടല്‍ തീരത്ത് ഹൂതികള്‍ മുന്നേറ്റം നടത്തിയെന്നും ബാബ് അല്‍ മന്ദബ് കടലിടുക്കിന് സമീപത്തെ മൊഖ തുറമുഖവും സമീപ ദ്വീപുകളും അവർ പിടിച്ചെടുത്തെന്നുമാണ് റിപ്പോർട്ട്.

