ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗില്‍ ചരിത്രം കുറിച്ച്‌ മലയാളി; വിദര്‍ശ കെ വിനോദിനും സംഘത്തിനും വെള്ളി തിളക്കം.

ടോക്കിയോ: ഏഷ്യൻ ഗെയിംസില്‍ ചരിത്രം കുറിച്ച്‌ മലയാളിയായ കോഴിക്കോട് തിരുവമ്പാടി സ്വദേശിനി വിദർശ കെ വിനോദ്. ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യമലയാളിയെന്ന നേട്ടമാണ് വിദർശ സ്വന്തമാക്കിയത്.10 മീറ്റർ എയർ റൈഫിള്‍ ടീം ഇനത്തിലാണ് വിദർശ അടങ്ങുന്ന മൂന്നംഗ സംഘം വെള്ളി മെഡല്‍ നേടിയത്. ഇതോടെ ഏഷ്യൻ ഗെയിംസില്‍ ഷൂട്ടിംഗില്‍ മെഡല്‍ നേടുന്ന ആദ്യ മലയാളി വനിതയെന്ന ചരിത്രനേട്ടവും വിദർശ സ്വന്തമാക്കി.

തന്റെ ആദ്യ ഏഷ്യൻ ഗെയിംസില്‍ തന്നെ ഈ ചരിത്ര നേട്ടം കൈവരിക്കാൻ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് വിദർശ പ്രതികരിച്ചു. വിവാഹം കഴിഞ്ഞ് ഒന്നരവർഷമായെന്നും പരിശീലന തിരക്കുകള്‍ കാരണം 40 ദിവസം പോലും ഭർത്താവുമായി ഒരുമിച്ചിരിക്കാൻ കഴിയാത്ത സാഹചര്യമായിരുന്നെന്നും ഭർത്താവാണ് പൂർണ പിന്തുണ നല്‍കിയതെന്നും താരം പറഞ്ഞു. ഏഷ്യൻ ഗെയിംസിന് മുൻപ് തന്നെ മെ‌ഡല്‍ ജേതാക്കള്‍ക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ മത്സരങ്ങളില്‍ വലിയ രീതിയില്‍ സ്വാധീനിച്ചതായും വിദ‌ർശ വ്യക്തമാക്കി.

ഭർത്താവിന് പുറമെ മാതാപിതാക്കള്‍, സഹോദരൻ, പരിശീലകൻ എന്നിവരില്‍ നിന്ന് ലഭിച്ച വലിയ പിന്തുണയാണ് ഈ മെഡല്‍ നേട്ടത്തിന് പിന്നിലെന്നും താരം കൂട്ടിച്ചേർത്തു. 10 മീറ്റർ എയർ റൈഫിളില്‍ വെള്ളി മെഡല്‍ നേടിയത് വരാനിരിക്കുന്ന മത്സരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നതെന്നും വിദർശ പറഞ്ഞു. പ്രധാന ഇനമായ 50 മീറ്റ‌ർ റൈഫിള്‍ ത്രീപി മത്സരം സെപ്തംബർ 26നാണ് നടക്കുക. ഈ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് താരം.

2018ല്‍ എൻസിസി വഴിയാണ് വിദർശ ഷൂട്ടിംഗ് രംഗത്തേയ്ക്ക് കടന്നുവരുന്നത്. 2019 മുതല്‍ ഈ രംഗം പ്രൊഫഷനായി തിരഞ്ഞെടുത്തു. നിലവില്‍ ഡല്‍ഹിയിലാണ് പ്രധാന പരിശീലനമെങ്കിലും കേരളത്തിലെ വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലും പരിശീലനം തുടരുന്നുണ്ട്.

spot_img

Related Articles

Latest news