‘ഇളയ ദളപതി’യും ‘മക്കൾ സെൽവനും’ ഒരുമിച്ച്; മാസ്റ്റർ മാസ്സ്

ചെന്നൈ : മാസങ്ങളായി അടഞ്ഞുകിടന്ന തീയേറ്ററുകള്‍ക്ക് വീണ്ടും ഉണര്‍വേകിയിരിക്കുകയാണ് ഇളയദളപതി വിജയും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ഒരുമിച്ച്‌ എത്തുന്ന ‘മാസ്റ്റര്‍‘ എന്ന തമിഴ് ചിത്രം. പ്രഖ്യാപനം മുതല്‍ക്കേ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച്‌ പ്രേക്ഷകര്‍ക്ക് ഉണ്ടായിരുന്നത്. ഈ പ്രതീക്ഷകള്‍ തെറ്റിച്ചില്ലെന്ന് മാത്രമല്ല വിജയുടെയും വിജയ് സേതുപതിയുടെയും മാസ് രംഗങ്ങളിലൂടെ പ്രക്ഷകരെ ആവേശത്തിന്റെ ഉച്ചസ്ഥായില്‍ എത്തിച്ചിരിക്കുകയാണ് ‘മാസ്റ്റര്‍‘. ഒരു വിജയ് സിനിമയ്ക്ക് വേണ്ട എല്ലാ ചേരുവകളും ഒരുമിച്ച മാസ്റ്റര്‍ ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ പ്രതിഭ വിളിച്ചോതുന്നു.
ജോണ്‍ ദുരൈ എന്ന ജെ.ഡി ആയി വിജയും അവതരിപ്പിയ്ക്കുന്നത് ഭവാനി എന്ന വില്ലന്‍ കഥാപാത്രമായി വിജയ് സേതുപതിയും ചിത്രത്തിൽ എത്തുന്നു. ജുവനൈല്‍ ഹോമിലെ കുട്ടികളെ പരിശീലിപ്പിക്കാനായി എത്തുന്ന ജെ.ഡിയും ജുവനൈല്‍ ഹോമിലെ കുട്ടികളെ ഉപയോഗിച്ച്‌ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭവാനിയും തമ്മിലുള്ള പോരാട്ടവും, തിന്മയ്ക്ക് മുകളില്‍ നന്മ കൈവരിക്കുന്ന വിജയവുമൊക്കെയാണ് മാസ്റ്ററിന്റെ ഇതിവൃത്തം. ഇതോടൊപ്പം കുടുംബബന്ധങ്ങളുടെ ആഴവും പ്രണയത്തിന്റെ സൗന്ദര്യവുമെല്ലാം ചിത്രത്തിലുണ്ട്.
നായകന്റെ മാറ്റ് കൂട്ടുന്നത് ശക്തനായ ഒരു പ്രതിയോഗിയുടെ സാന്നിധ്യമാണ്, എല്ലാ നല്ല ചലച്ചിത്ര സംവിധയകരെയും പോലെ ലോകേഷ് കനകരാജിനും ഇക്കാര്യം അറിയാം. അതിനാല്‍ ഭവാനി (വിജയ് സേതുപതി) എന്ന വില്ലന്‍ കഥാപാത്രത്തെ ശക്തമായി അവതരിപ്പിച്ചുകൊണ്ടാണ് മാസ്റ്റര്‍ ആരംഭിക്കുന്നത്. ജുവനൈല്‍ ഹോമിലെ ആണ്‍കുട്ടികളെ ഭവാനിയുടെ ക്രൂരതകളില്‍ നിന്നും കുറ്റകൃത്യങ്ങളുടെ ലോകത്തില്‍ നിന്നും രക്ഷിക്കാന്‍ പ്രാപ്തിയുള്ള കഥാപാത്രമായാണ് ജെ.ഡി (വിജയ്) അവതരിക്കുന്നത്. എപ്പോഴും പോക്കറ്റില്‍ ഹിപ് ഫ്ലാസ്ക് കരുതുന്ന, പഞ്ച് ഡയലോഗുകള്‍ പറയുന്ന, എന്തിനും പോന്ന ഒരു കോളേജ് പ്രൊഫസറാണ് ജെ.ഡി, വിദ്യാര്‍ത്ഥികള്‍ അയാളെ വളരെയധികം സനേഹിക്കുന്നു എന്നാല്‍ കോളേജ് മാനേജ്മെന്റിന് അയാള്‍ ഒരു തലവേദനയാണ്. സാഹചര്യങ്ങള്‍ അയാളെ ജുവനൈല്‍ ഹോമില്‍ എത്തിക്കുന്നു.
ലോകേഷ് എന്ന സംവിധായകന്‍ തന്റെ ചലച്ചിത്രനിര്‍മ്മാണ വൈദഗ്ധ്യം മാസ്റ്റര്‍ എന്ന ചിത്രത്തില്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണമായി, ജെ.ഡിയെ അവതരിപ്പിക്കുന്ന രംഗങ്ങള്‍ക്ക് വ്യത്യസ്തമായ തണുത്ത നീല ടോണ്‍ ആണ് ഉപയോഗിച്ചിരിക്കുന്നതെങ്കില്‍, ഭവാനിയെ അവതരിപ്പിക്കുമ്ബോള്‍ ചുവപ്പ് ടോണ്‍ ആണ് നല്‍കിയിരിക്കുന്നത്. രണ്ട് ദ്രുവങ്ങളില്‍ ഉള്ള കഥാപത്രങ്ങളുടെ സ്വഭാവത്തെ ഇത് പ്രകടമാക്കുന്നു.
സിനിമയുടെ ഒടുവിലത്തെ രംഗങ്ങളില്‍ വിജയ്, വിജയ് സേതുപതി എന്നിവരുടെ ഊര്‍ജ്ജിതപ്രഭാവത്തോടെയുള്ള പ്രകടനം പ്രക്ഷകനെ കോരിത്തരിപ്പിക്കുന്നു. എടുത്തുപറയേണ്ടവയാണ് നൃത്തരംഗങ്ങളിലെ വിജയുടെ മികവ്. കോളേജ് രംഗങ്ങളിലെ വിജയുടെ സ്റ്റൈലിഷ് ഭാവങ്ങള്‍, ഡയലോഗ് പറയുന്നതിലെ ആറ്റിറ്റ്യൂഡ് എന്നിവയെല്ലാം ചിത്രത്തിന്റെ ഹൈലൈറ്റ് ആണ്. മറ്റ് താരങ്ങള്‍ ചെയ്തിരുന്നെങ്കില്‍, ഒരുപക്ഷെ ഈ ഭാഗങ്ങള്‍ മുഴച്ചു നിന്നേനെ, എന്നാല്‍ വിജയുടെ താരപരിവേഷത്തിന് അവ തീര്‍ത്തും അനുയോജ്യമാണ്. വിജയ് സേതുപതി ആവട്ടെ തന്റെ മികവാര്‍ന്ന പ്രകടനത്തിലൂടെ കാണികളെ കയ്യിലെടുക്കുന്നു. അദ്ദേഹത്തിന്റെ കാഷ്വല്‍ അഭിനയ രീതി ഭവാനിയുടെ ക്രൂരതയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്നു. പ്രേക്ഷകനെ ത്രസിപ്പിക്കുന്ന തരത്തില്‍ ഉള്ളതാണ് വിജയും വിജയ് സേതുപതിയും തമ്മിലുള്ള ചിത്രത്തിലെ അന്തിമ ഏറ്റുമുട്ടല്‍, ഇത് സിനിമയുടെ അവസാനം ഒരു മേള പെരുക്കത്തിന്റെ അനുഭവം കാണികള്‍ക്ക് നല്‍കുന്നു.
മാളവിക മോഹന്‍, ശന്തനു ഭാഗ്യരാജ്, ആന്‍ഡ്രിയ, നാസര്‍, ഗൗരി കിഷന്‍ തുടങ്ങി തിരശ്ശീലയില്‍ എത്തിയ താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. യുവജനതയുടെ മിടിപ്പ് അറിയുന്ന അനിരുദ്ധ് രവിചന്ദര്‍ ആണ് ചത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ലോകേഷ് കനകരാജിന്റെ കഥയ്ക്ക് രത്‌ന കുമാര്‍, പൊന്‍ പാര്‍ത്തിബന്‍, ലോകേഷ് കനകരാജ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സത്യന്‍ സൂര്യന്‍ ആണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. സേവ്യര്‍ ബ്രിട്ടോ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ഫോര്‍ച്യൂണര്‍ ഫിലിംസും ചേര്‍ന്നാണ് കേരളത്തിലെ തീയേറ്ററുകളില്‍ ‘മാസ്റ്റര്‍‘ വിതരണം ചെയ്തിരിക്കുന്നത്.
എന്റർടെയ്ൻമെന്റ് ഡസ്ക്, മീഡിയ വിങ്സ്
spot_img

Related Articles

Latest news